‘കേന്ദ്രം നല്‍കുന്ന പണത്തിന്റെ നേട്ടം കേരളം എടുക്കേണ്ട’; വിവിധ പെന്‍ഷനുകളുടെ തുക ഇനി മുതല്‍ സംസ്ഥാനവും കേന്ദ്രവും വെവ്വേറെ നല്‍കും, പരിഷ്‌കാരം ഈ മാസം മുതല്‍


കൊയിലാണ്ടി: വിവിധ പെന്‍ഷനുകള്‍ക്കായി സംസ്ഥാന സര്‍ക്കാറും കേന്ദ്രസര്‍ക്കാറും നല്‍കുന്ന തുക ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക വെവ്വേറെയായി. കേന്ദ്രവിഹിതം സംസ്ഥാന സര്‍ക്കാര്‍ വഴി നല്‍കുന്നത് കേന്ദ്രം നിര്‍ത്തലാക്കിയതോടെയാണ് ഇത്. പരിഷ്‌കാരം ഈ മാസം മുതല്‍ പ്രാബല്യത്തില്‍ വന്നു. കേന്ദ്രം നല്‍കുന്ന പണത്തിന്റെ നേട്ടം കൂടി സംസ്ഥാനം എടുക്കേണ്ട എന്ന രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് പരിഷ്‌കാരം.

വാര്‍ധക്യ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍ എന്നീ പെന്‍ഷനുകളുടെ കേന്ദ്രവിഹിതം ഇനി കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കും. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിനാലാണ് ഈ മാസം മുതല്‍ പരിഷ്‌കാരം ആരംഭിക്കുന്നത്. അതേസമയം പെന്‍ഷന്‍ വിതരണത്തിനായി കേന്ദ്രം നല്‍കുന്നത് തുച്ഛമായ തുകയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഈ പരിഷ്‌കാരം സഹായിക്കുമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ തുകയായ 3200 രൂപ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കൈമാറിയത്. എന്നാല്‍ വാര്‍ധക്യ, വിധവാ, ഭിന്നശേഷി പെന്‍ഷനുകള്‍ വാങ്ങുന്ന 4.7 ലക്ഷം പേര്‍ക്ക് കേന്ദ്രവിഹിതം കുറച്ചുള്ള തുകയാണ് ലഭിച്ചത്. ഇതേ കുറിച്ച് പരാതികള്‍ ഉയര്‍ന്നതോടെയാണ് കേന്ദ്രവിഹിതം പിന്നീട് എത്തുമെന്ന അറിയിപ്പ് ലഭിച്ചത്.

കേന്ദ്രവിഹിതമായി 200 രൂപ മുതല്‍ 500 രൂപ വരെയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കാനുള്ളത്. പണം കൈമാറുന്നതിന് മുമ്പായി ഒരു രൂപ നിക്ഷേപിച്ചുകൊണ്ട് പരീക്ഷണം നടത്തിയെങ്കിലും പെന്‍ഷന്‍ തുക നിക്ഷേപിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. തകരാര്‍ പരിഹരിച്ച് കേന്ദ്രവിഹിതം ഉടന്‍ അക്കൗണ്ടിലെത്തിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

80 വയസിന് മുകളിലുള്ളവര്‍ക്ക് ലഭിക്കുന്ന വാര്‍ധക്യ പെന്‍ഷനില്‍ 1,100 രൂപ സംസ്ഥാന വിഹിതവും 500 രൂപ കേന്ദ്ര വിഹിതവുമാണ്. 80 ന് താഴെയുള്ളവരുടെ വാര്‍ധക്യ പെന്‍ഷനില്‍ 1,400 സംസ്ഥാനത്തിന്റെയും 200 രൂപ കേന്ദ്രം നല്‍കുന്നത്.

80 വയസിന് മുകളിലുള്ളവരുടെ ദേശീയ വിധവ പെന്‍ഷനില്‍ 1,100 രൂപ സംസ്ഥാന വിഹിതവും 500 രൂപ കേന്ദ്ര വിഹിതവുമാണ്. 80 വയസില്‍ താഴെയുള്ളവരുടെ വിധവ പെന്‍ഷനില്‍ 1,300 രൂപ സംസ്ഥാനവും 300 രൂപ കേന്ദ്രവുമാണ് നല്‍കുന്നത്. ഇത്തവണ പലരുടെയും അക്കൗണ്ടുകളില്‍ 1,400 രൂപവീതമാണ് എത്തിയിരിക്കുന്നത്.