ശബ്ദചക്രവര്‍ത്തി ഖാന്‍ കാവില്‍ ഉള്‍പ്പെടെ നിരവധി പ്രതിഭകളെ വാര്‍ത്തെടുത്തു; നൂറിന്റെ നിറവില്‍ കാവുന്തറ എ.യു.പി.സ്‌കൂള്‍


പേരാമ്പ്ര: വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളില്‍ ഒരു ദേശത്തിന്റെ വിളക്കായി മാറിയ കാവുന്തറ എ.യു.പി.സ്‌കൂള്‍ നൂറാം വാര്‍ഷികത്തിലേക്ക്. സ്‌കൂളിന്റെ വാര്‍ഷികാഘോഷവും പുതുതായി നിര്‍മ്മിച്ച കെട്ടിടോദ്ഘാടനവും കേരളാ നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ.കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ അധ്യക്ഷത വഹിക്കും. പരിപാടിയില്‍ സ്‌കൂള്‍ കവാടത്തിന്റെയും വിവിധ ലാബുകളുടെയും ഉദ്ഘാടനം എം.കെ.രാഘവന്‍ എം.പി. നിര്‍വ്വഹിക്കും.

1921 ല്‍ പള്ളിക്കൂടമായാണ് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. തുടക്കകാലത്ത് എല്‍.പി.വിഭാഗമായിരുന്ന സ്‌കൂള്‍ 1979 ല്‍ യു.പി.സ്‌കൂളായി ഉയര്‍ത്തി. പ്രഗത്ഭരായ ഗുരുനാഥന്‍മാരുടെ കീഴില്‍ കലാ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ ആളുകള്‍ സ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം നേടി. ശബ്ദചക്രവര്‍ത്തി ഖാന്‍ കാവില്‍ സ്‌കൂളിന്റെ സംഭാവനയാണ്.

പാറപ്പച്ചിലേരി ശങ്കരന്‍ നായര്‍ എഡ്യുകേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാവുന്തറ എ.യു.പി.സ്‌കൂള്‍ പൂര്‍ണ്ണമായും ആധുനിക സൗകര്യങ്ങളോടെയുള്ള ‘കെ.വി. അമ്മാളു അമ്മ മെമ്മോറിയല്‍ ബ്ലോക്ക് ‘ കെട്ടിടത്തിലേക്കാണ് മാറുന്നത്. ഇതോടെ കാവുന്തറയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ പുതിയൊരധ്യായം കൂടി കൂട്ടിച്ചേര്‍ക്കുകയാണ്. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങലില്‍ വര്‍ഷങ്ങളായി ഉപജില്ലയില്‍ തന്നെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സ്‌കൂളില്‍ ഇന്ന് 661 കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നു.

ജൂണ്‍ 14 ചൊവ്വാഴ്ച രാവിലെയാണ് വാര്‍ഷികാഘോഷവും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും നടക്കുക. ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ ഉദ്ഘാടന പരിപാടികളില്‍ സംബന്ധിക്കും.