ആളൊഴിഞ്ഞ കട്ടിലിൽ കയറികിടക്കും, ഭക്ഷണം കഴിക്കുമ്പോൾ ചുറ്റും കൂടും; വടകര ഗവ. ആശുപത്രിയിലെ വാർഡുകളിൽ പൂച്ച ശല്യമെന്ന് പരാതി


വടകര: ജില്ലാ ആശുപത്രിയിലെ വാർഡിൽ പൂച്ച ശല്യമെന്ന് പരാതി. പുരുഷന്മാരുടെ വാർഡിൽ ആണ് പൂച്ച ശല്യത്തിൽ രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടുന്നത്. വാർഡിലെ കട്ടിലിലും മേശയിലും കയറി ഇറങ്ങി നടക്കുകയാണ് പൂച്ചകളെന്ന് ഇവിടെ ചികിത്സയിലുള്ള രോഗികൾ പറയുന്നു.

ഭക്ഷണം കഴിക്കുന്നതിനിടെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഇടയിലൂടെ ഓടി നടക്കുന്നതും ദേഹത്ത് പറ്റി നിക്കുന്നതും സ്ഥിരമാണെന്ന് ഇവിടുള്ളവർ പറഞ്ഞു. ആളൊഴിഞ്ഞ കട്ടിലിൽ കിടക്കൽ, ശുചിമുറികളിൽ കിടക്കുക ഇതൊക്കെയും സ്ഥിരമാണ്. രോ​ഗികളും കൂട്ടിരിപ്പുകാറും മാറി മാറി വരുന്നുണ്ട്. പക്ഷെ പൂച്ചകൾ ഇവിടെ സ്ഥിരം താമസക്കാരനാണ്

വാർഡിൽ ഉള്ളത് പലവിധ രോഗങ്ങൾക്ക് ചികിത്സയിലുള്ള രോഗികളാണ്. പൂച്ചയുടെ രോമവും ദേഹത്തുള്ള ചെള്ളുകളും അലർജിയും മറ്റു രോഗങ്ങളും ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ പൂച്ചകൾ രോഗികൾക്ക് ഒരു ഭീഷണി തന്നെയാണ്. പൂച്ച ശല്യത്തിന് ആശുപത്രി അധികൃതർ ഉടനടി പരിഹാരം കാണണമെന്ന് വാർഡിൽ ചികിത്സയിലുള്ള രോഗികളും കൂട്ടിരിപ്പുകാരും ആവിശ്യപ്പെട്ടു.