‘കാഷ് ഓൺ വീൽസ്’; ഓടുന്ന ട്രെയിനിൽ എടിഎം സ്ഥാപിച്ച് റെയിൽവേ


ദില്ലി: ട്രെയിൻ യാത്രയ്ക്കിടെ കയ്യിൽ പണമില്ലാത്തതിൻറെയും ഓൺലൈൻ പെയ്മെന്റിൽ തടസം നേരിട്ടത്തതിന്റെയും ബുദ്ധിമുട്ട് പലരും അനുഭവിച്ചിട്ടുണ്ടാകും. ഈ ബുദ്ധിമുട്ട് ഇനി ഉണ്ടാവില്ല. ഇന്ത്യൻ റെയിൽവേ ഓടുന്ന ട്രെയിനിൽ എടിഎമ്മുകൾ സ്ഥാപിച്ചു തുടങ്ങി. റെയിൽവേയുടെ 172–ാം വാർഷികത്തോട് അനുബന്ധിച്ചാണ് ‘കാഷ് ഓൺ വീൽസ്’ പദ്ധതിക്ക് തുടക്കമിട്ടത്.

ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുള്ള റെയിൽവേയുടെ പുത്തൻ പദ്ധതികളുടെ കൂട്ടത്തിലാണ് ട്രെയിനുകളിൽ എടിഎം സ്ഥാപിക്കാനുള്ള പദ്ധതിയും ഇടംപിടിച്ചത്. മഹാരാഷ്ട്രയിലെ മൻമാഡ്– സി.എസ്.എം.ടി പഞ്ച്‌വതി എക്സ്പ്രസ് ട്രെയിനിൽ ആണ് ആദ്യമായി എടിഎം സ്ഥാപിച്ചത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടിഎമ്മാണ് ട്രെയിനിൽ സ്ഥാപിച്ചത്. ഇഗത്​പുരിക്ക് സമീപം നെറ്റ്​വർക് തടസങ്ങളുണ്ടായതൊഴിച്ചാൽ എടിഎം കൂളായി പ്രവർത്തിച്ചുവെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട എടിഎം സ്ഥാപിക്കൽ വിജയകരമെന്ന് കണ്ടാൽ മറ്റു ട്രെയിനുകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. പണം പിൻവലിക്കുന്നതിന് പുറമെ ചെക്ക്ബുക്ക് ഓർഡർ ചെയ്യാനും അക്കൗണ്ട് സ്റ്റേറ്റ്മെൻറെടുക്കാനുമെല്ലാം ഈ സഞ്ചരിക്കുന്ന എടിഎമ്മിലൂടെയും കഴിയും.

നിലവിൽ എസി കോച്ചിലാണ് എടിഎം സ്ഥാപിച്ചത്. എന്നാൽ എല്ലാ കോച്ചുകളിലുമുള്ളവർക്കും ഇവിടേക്ക് എത്തി പണം പിൻവലിക്കാൻ കഴിയും. ട്രെയിനിലെ കംപാർട്മെൻറിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിൻ ഓടുമ്പോഴുള്ള പ്രകമ്പനം ബാധിക്കാതിരിക്കാൻ റബർ പാഡുകളും ബോൾട്ടുകളും ഉപയോഗിച്ച് മെഷീൻ ഉറപ്പിച്ചിട്ടുമുണ്ട്. എടിഎമ്മിൻറെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷട്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും 24 മണിക്കൂറും സിസിടിവി വഴി നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പഞ്ച്​വതി എക്സ്പ്രസിന് പുറമെ മുംബൈ–ഹിങ്കോലി ജൻ ശതാബ്ദി എക്സ്പ്രസിലും എടിഎം സേവനം ലഭ്യമാണ്.