‘100 രൂപ കൂലി കൂട്ടി ചോദിച്ചു’; വയനാട് ആദിവാസിയായ മധ്യവയസ്‌ക്കന് മര്‍ദ്ദനം, മുഖത്ത് ചവിട്ടി, താടിയെല്ല് പൊട്ടി



കല്‍പറ്റ: കുരുമുളക് പറിക്കാന്‍ 100 രൂപ കൂടുതല്‍ കൂലി ചോദിച്ച ആദിവാസി യുവാവിനെ മര്‍ദിച്ചതായി പരാതി. വയനാട് അമ്പലവയല്‍ നീര്‍ച്ചാല്‍ ആദിവാസി കോളനിയിലെ ബാബുവിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ബാബു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ സ്ഥല ഉടമയ്ക്ക് എതിരെ കേസെടുത്തു. മഞ്ഞപ്പാറ കരുവളം വീട്ടില്‍ അരുണിനെതിരെയാണ് അമ്പലവയല്‍ പൊലീസ് കേസെടുത്തത്.

സ്ഥിരമായി കൂലിപ്പണിക്കു പോകുന്ന വീട്ടില്‍ അന്ന് വൈകീട്ട് കുരുമുളക് പറിക്കാനായി പോയതായിരുന്നു ബാബു. എന്നാല്‍ അതിന് കൂലിയായി 100 രൂപ കൂട്ടി 700 രൂപ കൂലി ചോദിച്ചപ്പോള്‍ ഉടമയുടെ മകന്‍ മുഖത്തു ചവിട്ടിയെന്നാണു പരാതി.

പട്ടികവര്‍ഗ അതിക്രമ നിരോധനമുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി. മര്‍ദനത്തില്‍ തലയോട്ടിയ്ക്കും താടിയെല്ലിനും ഇടയിലുള്ള ഭാഗത്ത് എല്ല് പൊട്ടിയിട്ടുണ്ട്. പ്രതി ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലെത്തി 1000 രൂപ തന്ന് സ്വാധീനിക്കാന്‍ ശ്രമിച്ചതായും, പൊലീസിനോട് മദ്യപിച്ച് വീണ് പരിക്കേറ്റതാണെന്ന് പറയാന്‍ ആവശ്യപ്പെട്ടുവെന്നും ബാബു പറഞ്ഞു.

ഒറ്റയ്ക്ക് താമസിക്കുന്ന ബാബു പേടികാരണം സംഭവം പുറത്ത് പറഞ്ഞിരുന്നില്ല. യുവാവിന്റെ മുഖത്ത് നീരും പരിക്കേറ്റ പാടും കണ്ട പ്രദേശത്തെ ഒരു കടക്കാരന്‍ എസ്.സി/എസ്.ടി പ്രമോട്ടറായ സിനിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശിപത്രിയിലേക്ക് മാറ്റുകയായിരുന്നു.