തിക്കോടിയിലെ കൊലവിളി മുദ്രാവാക്യം വിളിയില്‍ കേസെടുത്ത് പൊലീസ്; നടപടി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പരാതിയില്‍
കൊയിലാണ്ടി: തിക്കോടി ടൗണില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജീവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പയ്യോളി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസ്. ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് സംഘര്‍ഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തിങ്കളാഴ്ച രാത്രി നടത്തിയ പ്രകടനവുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നത്. ‘ഷുഹൈബിനെയും കൃപേഷിനെയും ഓര്‍മ്മയില്ലേ’, ‘വല്ലാണ്ടങ്ങ് കളിച്ചാല്‍ വീട്ടില്‍ കയറി കൊത്തിക്കീറും’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രകടനത്തില്‍ വിളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പെരുമാള്‍പുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പരിസരത്തുകൂടെയാണ് പ്രകടനം നടത്തിയത്. വീഡിയോ ദൃശ്യങ്ങളില്‍ ആളുകളുടെ മുഖം വ്യക്തമല്ല. പെരുമാള്‍പുരം, പള്ളിക്കര ഭാഗത്തുള്ളവരാണ് പ്രകടനത്തിലുള്ളവരെന്നാണ് പൊലീസിന് ലഭിച്ച വിവരം.
മുഖ്യമന്ത്രിയ്ക്കുനേരെ വിമാനത്താവളത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ വാര്‍ത്ത വന്നയുടന്‍ നടത്തിയ പ്രകടനത്തിനെതിരെയാണ് പരാതി.