സ്വകാര്യ ബസ് ജീവനക്കാരുടെ സമരം: കുറ്റ്യാടിയില്‍ സമരത്തില്‍ നിന്ന് വിട്ടു നിന്ന ജീവനക്കാരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ കുട്ടിയെയും മര്‍ദ്ദിച്ചതായി പരാതി; വധശ്രമത്തിനും ഫോണ്‍ അപഹരിച്ചതിനും കേസ്
കുറ്റ്യാടി: സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കില്‍ നിന്ന് വിട്ടുനിന്ന ബസ് ജീവനക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയയാള്‍ക്കും മര്‍ദ്ദനം. ഇന്നലെ സര്‍വ്വീസ് നടത്തിയ സീ പേള്‍ എന്ന ബസ് കുറ്റ്യാടിയില്‍ എത്തിയപ്പോഴാണ് ചില ബസ് ജീവനക്കാര്‍ സീ പേളിലെ ഡ്രൈവറേയും കണ്ടക്ടറേയും മര്‍ദ്ദിച്ചത്. ഇത് പകര്‍ത്താന്‍ ശ്രമിച്ച പതിനേഴുകാരനെയും ഇവര്‍ മര്‍ദ്ദിക്കുകയും ഫോണ്‍ ബലംപ്രയോഗിച്ച് വാങ്ങുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടി കുറ്റ്യാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയും നാലുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. വധശ്രമത്തിലും ഫോണ്‍ അപഹരിച്ചതിനുമാണ് കേസെടുത്തതെന്ന് കുറ്റ്യാടി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
കുട്ടിയുടെ പരാതിയ്ക്കു പുറമേ സീ പേള്‍ ബസിലെ ജീവനക്കാരുടെ പരാതിയിലും കേസ് നിലവിലുണ്ട്. പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആക്ട് പ്രകാരമാണ് കേസെടുത്തത്.
ഉള്ള്യേരി ബസ് ജീവനക്കാരെ മര്‍ദ്ദിച്ചുവെന്നതിന്റെ പേരില്‍ വ്യാഴാഴ്ച മുതലാണ് ബസ് ജീവനക്കാര്‍ മിന്നല്‍പ്പണിമുടക്ക് ആരംഭിച്ചത്. സമരം ഇന്നും തുടരുകയാണ്.