ചേമഞ്ചേരി തിരുവങ്ങൂരില്‍ ചരക്ക് ലോറി താഴ്ന്നു; വന്‍ ഗതാഗതക്കുരുക്ക്


ചേമഞ്ചേരി: തിരുവങ്ങൂര്‍ അണ്ടിക്കമ്പനിയ്ക്ക് സമീപം ലോറി താഴ്ന്ന്‌ ഗതാഗത തടസ്സം. ഇന്ന് ഉച്ചയ്ക്ക് 2മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന സര്‍വ്വീസ് റോഡില്‍ ചരക്ക് കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് ചരിഞ്ഞത്.

ദേശീയപാതയില്‍ പണി നടക്കുന്ന സ്ഥലത്ത് റോഡ് ഇടിഞ്ഞ് ലോറിയുടെ പിറകിലത്തെ ടയര്‍ താഴ്ന്നിരിക്കുകയാണ്. കോഴിക്കോട് ഭാഗത്തേയ്ക്ക് നിലവില്‍ വലിയ ബ്ലോക്കാണുള്ളത്. ലോറി ഉയര്‍ത്തിയെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും ലോറി പുറത്തെടുക്കാന്‍ സമയമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

 

നിലവില്‍ വാഹനങ്ങള്‍ കടത്തിവിടുന്നത് പഴയ റോഡിലൂടെയാണ്. രണ്ട് ഭാഗത്തും ഉള്ള വാഹനങ്ങള്‍ക്ക് ഓരേ സമയം കടന്നുപോകാനുള്ള വീതി ഇപ്പോള്‍ ഈ റോഡിനില്ല. അതിനാല്‍ കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങളും കോഴിക്കോട് നിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങളും ഒരു സൈഡില്‍ ബ്ലോക്ക് ചെയ്താണ് കടത്തിവിടുന്നത്.

ഇത് വലിയ ഗതാഗതക്കുരുക്കാണ് വഴി വെക്കുന്നത്. വൈകുന്നേരമായാല്‍ സ്‌കൂള്‍ കുട്ടികളും ജോലികഴിഞ്ഞ് വരുന്നവരും എത്തുന്ന സമയമായതിനാല്‍ വലിയ ഗതാതക്കുരുക്ക് സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ലോറി മാറ്റാനുള്ള ശ്രമങ്ങള്‍ നാട്ടുകാരും പോലീസും നടത്തിവരികയാണ്. ലോറി ഉയര്‍ത്താനായി ക്രെയിന്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്.

Description: Cargo lorry overturned in Chemanchery; Massive traffic jam