ഉപരിപഠനത്തെ കുറിച്ചുള്ള ആശയക്കുഴപ്പത്തിലാണോ? പരിഹാരം പേരാമ്പ്രയിലുണ്ട്; വിദ്യാർത്ഥികളുടെ ഇഷ്ടങ്ങൾ കണ്ടെത്തി ശരിയായ വഴി കാട്ടുന്ന സർക്കാറിന്റെ കരിയർ ഗൈഡൻസ് സെന്ററിനെ കുറിച്ച് അറിയാം


പേരാമ്പ്ര: ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്താനും മികച്ച സ്ഥാപനങ്ങളിൽ ജോലി നേടാനും പേരാമ്പ്രയിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ കരിയർ ഗെെഡൻസ് സെന്റർ (സി.ഡി.സി) വഴികാട്ടിയാകുന്നു. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി ഓരോരുത്തരുടെയും താത്പര്യങ്ങൾ കണ്ടെത്തുക മാത്രമല്ല സി.ഡി.സി ചെയ്യുന്നത്. ഇഷ്ടപ്പെടുന്ന കോഴ്സുകൾ എവിടെയെല്ലാമുണ്ടെന്ന് കണ്ടെത്തി അവിടേക്ക് പ്രവേശനം നേടാനാവശ്യമായ മുഴുവൻ സഹായവും നൽകും. പ്രവേശന രീതി, പ്രവേശന പരീക്ഷ പരിശീലനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. സാധാരണക്കാരായ വിദ്യാർത്ഥികളെ ഉന്നത നിലവാരത്തിലേക്ക് കെെപിടിച്ചുയർത്തുകയാണ് സിഡിസി. ടി.പി രാമകൃഷ്ണൻ എം.എൽ.എ തൊഴിൽ എക്സെെസ് വകുപ്പ് മന്ത്രിയായിരുന്ന 2017 കാലത്താണ് സിഡിസി ആരംഭിക്കുന്നത്. സേവനങ്ങൾ സൗജന്യമായി സാധാരണക്കാർക്കു കൂടി ലഭ്യമാക്കുകയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
കരിയർ ഇൻഫർമേഷൻ, കരിയർ കൗൺസലിങ്, സെെക്കോമെട്രിക് അനാലിസിസ്, ട്രെയിനിംഗ്, സപ്പോർട്ടിംഗ് ആന്റ് മോണിറ്ററിംഗ് തുടങ്ങിയ അഞ്ച് മേഖലകളിലായാണ് സിഡിസിയുടെ സേവനങ്ങൾ ലഭ്യമാകുന്നത്. ഇതിനായി സെെക്കോളജിസ്റ്റിന്റെയും ഐ.ടി ഓഫീസറുടെയും സേവനവും ലഭ്യമാണ്.
വിദ്യാഭ്യാസം, ഉപരിപഠനം, സ്കോളർഷിപ്, ഇന്റേൺഷിപ് എന്നിവ സംബന്ധിച്ച സംശയങ്ങൾക്കുള്ള മറുപടി, വിദ്യാർഥിയുടെ യഥാർഥ കഴിവുള്ള മേഖല കണ്ടെത്തുന്നതിനായി ശാസ്ത്രീയ വിശകലനം, ഭിന്നശേഷിക്കാർക്കും കരിയർ പകുതിയിൽ നിന്നുപോയവർക്കും അനുയോജ്യ ഉപരിപഠന–തൊഴിൽ മാർഗനിർദേശങ്ങൾ, ഉപരിപഠനത്തിനോ, ജോലിക്കോ വേണ്ടിയുള്ള മത്സരപ്പരീക്ഷാ പരിശീലനം, ജോബ് ഫെയർ എന്നീ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ഇതിനു പുറമേ വ്യക്തിത്വ വികസന പരിപാടികൾ, സൈക്കോമെട്രിക് ടെസ്റ്റുകൾ, ഭാഷാ നൈപുണ്യ പരിശീലനം, പ്രീ അഡ്മിഷൻ കൗൺസലിങ്, അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള പരിശീലനം, വനിതാ–പട്ടികജാതി വിഭാഗങ്ങൾക്കുള്ള പരിശീലനം, സംരംഭകത്വ വികസന പരിപാടികൾ, പഠനവുമായി ബന്ധപ്പെട്ട സൈക്കളോജിക്കൽ കൗൺസലിങ് തുടങ്ങിയ സേവനങ്ങളുമുണ്ടിവിടെ.
രാജ്യത്തെ മികച്ച സർവകലാശാലകളിൽ പ്രവേശനം നേടുന്നതിന് ‘ധനുസ്സ്’ പദ്ധതി നടപ്പിലാക്കി. കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, ബയോളജി, ഇംഗ്ലിഷ് വിഷയങ്ങളിൽ 200 കുട്ടികൾക്ക് കോളജ് അധ്യാപകരുടെ സഹായത്തോടെയായിരുന്നു പ്രത്യേക പരിശീലനം. നൂറുകണക്കിന് വിദ്യാർത്ഥികളാണ് സിഡിസി മുഖേന ജെഎൻയു, ഡൽഹി, ഹെെദ്രബാദ്, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള മികച്ച കേന്ദ്രങ്ങളിൽ പ്രവേശനം നേടിയത്. ഐ.ഐ.ടി, എൻ.ഐ.ടി, ഐ.എസ്.ഇ.ആർ, ടി.ഐ.എസ്.എസ് എന്നിവിടങ്ങളിൽ പഠനം നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. 500-ൽ അധികം വിദ്യാർത്ഥികളാണ് രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടർപഠനം നടത്തുന്നത്. മത്സര പരീക്ഷ പരിശീലനത്തിലൂടെ ആയിരത്തോളം പേർ പി.എസ്.സി റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ടു.
പ്രവർത്തനം ആരംഭിച്ച് കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് സിഡിസിക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും ലഭിക്കുന്നത്. പ്ലസ് ടുവിന് ശേഷം ഡിഗ്രി തിരഞ്ഞെടുക്കുന്നതിൽ നിന്ന് വിഭിന്നമായി തൊഴിൽ സാധ്യതയുള്ള പോളി ടെക്നിക്കും, ഐ.ടി.ഐയും തിരഞ്ഞെടുക്കുന്നതിലേക്ക് കുട്ടികൾ മാറി ചിന്തിക്കുന്നതിനും സിഡിസിയുടെ പ്രവർത്തനങ്ങൾ സഹായകമായിട്ടുണ്ടെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറും സിഡിസി മാനേജറുമായ പി രാജീവൻ പറഞ്ഞു.
Summary: know about Career Development Centre Perambra