പാലിയേറ്റീവ് സംവിധാനങ്ങൾ ഒരു കുടക്കീഴിലാകുന്നു; കെയർ കേരള’ വെബ്സൈറ്റ് പ്രകാശനം ജനുവരിയിൽ, കിടപ്പുരോഗികൾക്ക് ഏത് സേവനവും ഇനി അതിവേഗം അരികിലെത്തും
കോഴിക്കോട്: സംസ്ഥാനത്തെ പാലിയേറ്റീവ് സംവിധാനങ്ങളെ ഒരു കുടക്കീഴിലാക്കി ആരോഗ്യ വകുപ്പ് ‘കെയർ കേരള’വെബ്സൈറ്റ് ഒരുക്കുന്നു. വെബ്സൈറ്റ് 2025 ജനുവരിയിൽ പ്രകാശിപ്പിക്കും. കിടപ്പുരോഗികൾക്ക് ഏത് സേവനവും ഇനി ‘കെയർ കേരള’യിലൂടെ അതിവേഗം അരികിലെത്തും. ആദ്യഘട്ടത്തിൽ കിടപ്പുരോഗികൾക്കാണ് കൂടുതൽ പരിഗണന. അടുത്തഘട്ടത്തിൽ രോഗത്താൽ പ്രയാസമനുഭവിക്കുന്ന മുഴുവൻ പേരിലേക്കും വെബ്സൈറ്റിന്റെ സേവനം വ്യാപിപ്പിക്കും.
മൊബൈൽ ഫോണിലും ഉപയോഗിക്കാവുന്ന രീതിയിൽ എൻഎച്ച്എമ്മാണ് (നാഷണൽ ഹെൽത്ത് മിഷൻ) പദ്ധതി തയ്യാറാക്കിയത്. ഡിജിറ്റൽ യൂണിവേഴ്സിറ്റിയും കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്നാണ് വെബ്സൈറ്റ് ഒരുക്കിയത്. പൂർണരീതിയിൽ പ്രവർത്തനമാരംഭിക്കാൻ ആറുമാസമെടുക്കും. പരിചരണം, മരുന്ന്, മെഡിക്കൽ ഉപകരണം തുടങ്ങി ഏത് സേവനവും വെബ്സൈറ്റിലൂടെ ആവശ്യപ്പെടാം.
പാലിയേറ്റീവ് യൂണിറ്റ് വഴി മുഴുവൻ കിടപ്പുരോഗികളെയും ഇതിൽ രജിസ്റ്റർ ചെയ്യും. രജിസ്റ്റർ ചെയ്യുന്നവർക്കെല്ലാം പ്രാദേശിക കൂട്ടായ്മയുടെ പിന്തുണയിൽ സേവനം കാലതാമസമില്ലാതെ ലഭ്യമാക്കും. പാലിയേറ്റീവ് യൂണിറ്റ്, സന്നദ്ധ സംഘടന, വാർഡ് പ്രതിനിധി എന്നിവരിലേക്കും തത്സമയം ഈ സന്ദേശം എത്തും.
ഒരു പാലിയേറ്റീവ് യൂണിറ്റിൽ ഇല്ലാത്ത സേവനം തൊട്ടടുത്ത യൂണിറ്റിൽനിന്ന് ലഭ്യമാക്കാനുള്ള ക്രമീകരണം നടത്തും.രോഗികൾക്ക് ഭക്ഷണമുൾപ്പെടെ ഉറപ്പാക്കാനുമാകും. വീൽ ചെയർ, വാക്കർ തുടങ്ങിയ സഹായ ഉപകരണങ്ങളെത്തിക്കാൻ സന്നദ്ധ പ്രവർത്തകരുടെ സാന്നിധ്യവും ഉറപ്പാക്കും.