വടകര കുറുമ്പയിൽ സ്കൂട്ടർ യാത്രികരെ ഇടിച്ചിട്ട കാർ കസ്റ്റഡിയിൽ; വാഹനം ഓടിച്ചത് കല്ലാച്ചി സ്വദേശി
വടകര: കുറുമ്പയിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ കാറും ഡ്രൈവറും പിടിയിൽ. കല്ലാച്ചി സ്വദേശി മുഹമ്മദ് മുഷായേലാണ് പിടിയിലായത്. ഇയാൾ ഓടിച്ച കെ എൽ 18 ടി 8000 നമ്പർ കാറും പോലിസ് കസ്റ്റഡിയിലെടുത്തു.
ഇക്കഴിഞ്ഞ മാർച്ച് 14 ന് വൈകിട്ടായിരുന്നു അപകടം നടന്നത്. അരൂരിലെ ചെങ്ങണംകോട്ട് ടി.കെ സുധി (35), തോലേരി സജിത്ത് (35) എന്നിവർ സഞ്ചരിച്ച സ്‌കൂട്ടറിലാണ് കാർ ഇടിച്ചത്. സിസിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാർ പിടികൂടാനായത്. 40 ഓളം സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്.
എസ്‌ഐമാരായ രഞ്ജിത്ത്, മഹേഷ്, എഎസ്‌ഐ ശ്രീജിത്ത്, സിപിഒ ഷിബിൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. സംഭവത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ സുധിക്ക് സാരമായി പരിക്കേറ്റിരുന്നു. ഇയാൾ ഇപ്പോഴും ചികിത്സയിലാണ്.