മുക്കം കുറ്റിപ്പാലയീൽ റോഡരികിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


മുക്കം: മുക്കം കുറ്റിപ്പാലയീൽ റോഡരികിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു. ഓടിക്കൊണ്ടിരിക്കെ കാർ നിർത്തിയ ഉടമ സമീപത്തെ കടയിൽ സാധനം വാങ്ങാനായി ഇറങ്ങിപ്പോയപ്പോയാണ് തീ പടർന്നത്. കാറിൽ ആളുകളില്ലാതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്.

മുക്കം ഫയർഫോഴ്സ് സ്ഥലത്തെത്തി തിയണച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3.45 മണിയോടെയാണ് സംഭവം. മുക്കത്തുനിന്ന് ചേന്ദമംഗല്ലൂരിലേക്ക് പോവുകയായിരുന്ന മാരുതി വാഗണർ കാറാണ് കുറ്റിപ്പാലയിൽ വച്ച് തീപിടിച്ചത്.

മലയമ്മ സ്വദേശി സതീഷ് ചുടലക്കണ്ടി കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങിയ ഉടനെ തീ ആളിക്കത്തുകയായിരുന്നു. മലയമ്മ സ്വദേശിയായ യു.കെ. സുരേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. ഉടൻ തന്നെ മുക്കം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

അഗ്നിരക്ഷാ സേന സ്ഥലത്തെത്തി കെമിക്കൽ ഫോം പമ്പ് ചെയ്ത് തീയണച്ചതിനാൽ തൊട്ടടുത്ത കടകളിലേക്ക് തീ പടരാതെ തടയാനായി. ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, സേനാംഗങ്ങളായ പി. അബ്ദുൽ ഷുക്കൂർ, എ. നിപിൻ ദാസ്, എം. ഷൈബിൻ, കെ.പി. അമീറുദ്ദീൻ, വൈ.പി. ഷറഫുദ്ദീൻ, കെ.സി. അബ്ദുൽസലിം, കെ. അഭിനേഷ്, സി. രാധാകൃഷ്ണൻ, എം.പി. രത്നരാജൻ എന്നിവരാണ് തീയണച്ചത്.