കരുവണ്ണൂരിൽ നിയന്ത്രണം വിട്ട കാർ സുരക്ഷാവേലി തകർത്തു ഇടിച്ചു കയറി


കരുവണ്ണൂർ: കരുവണ്ണൂരിൽ നിയന്ത്രണം വിട്ട കാർ സുരക്ഷാവേലി തകർത്തു ഇടിച്ചു കയറി. കരുവണ്ണൂർ പെട്രോൾ പമ്പിന് സമീപം ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ എതിർവശത്തെ ഇരുമ്പ് വേലി തകർത്ത് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽപ്പെട്ട ജീപ്പ് കോമ്പസ് കാറിൽ നാല് പേരാണ് യാത്ര ചെയ്തിരുന്നത്. ഇതിൽ മൂന്ന് പേർ അത്തോളി സ്വദേശികളായ യുവാക്കളാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ നടപ്പാതയുടെ അതിരിൽ സ്ഥാപിച്ച ഇരുമ്പ് വേലി തകർത്ത ശേഷം തൊട്ടപ്പുറത്തെ കവുങ്ങിൽ ഇടിച്ച ശേഷമാണ് നിന്നത്.

കവുങ്ങ് മുറിഞ്ഞ് കാറിനു മുകളിൽ വീണ നിലയിലായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗത്തിന് സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സംശയം.

ഈ നടപ്പാതയിലൂടെ നിരവധി കാൽനട യാത്രക്കാർ ദിവസേന സഞ്ചരിക്കാറുണ്ട്. അപകട സമയത്ത് നടപ്പാതയിലൂടെ ആരും വരാതിരുന്നത് മൂലം വൻ ദുരന്തമാണ് ഒഴിവായത്.