കുറ്റ്യാടി ചുരത്തിൽ വാഹനാപകടം; രണ്ട് കാറുകൾ അപകടത്തിൽപെട്ടു, രണ്ട് പേർക്ക് പരിക്ക്


തൊട്ടിൽപ്പാലം: വയനാട്ടിൽനിന്ന്‌ കുറ്റ്യാടി ഭാ​ഗത്തേക്കുള്ള പക്രംതളം ചുരത്തിൽ വാഹനാപകടം. ചുരമിറങ്ങി വരികയായിരുന്ന രണ്ട് വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു.

ബത്തേരി ഭാഗത്തുനിന്ന്‌ കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ചാത്തങ്കോട്ടുനട കുരിശു പള്ളിക്ക് സമീപം നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ ചെന്നിടിക്കുകയായിരുന്നു. അപകടത്തിൽ കാർ ഏറക്കുറെ പൂർണമായി തകർന്നു. കാറിലുണ്ടായിരുന്ന ബത്തേരി സ്വദേശികളായ അബൂബക്കർ, ഭാര്യ സീനത്ത് എന്നിവർക്കാണ് പരിക്ക്. ഇവരെ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റി.

ഇതിന്ന് തൊട്ടുതാഴെ ഭാഗത്താണ് രണ്ടാമത്തെ അപകടം സംഭവിച്ചത്. വയനാട്ടിൽനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോകുയായിരുന്നു ഈ കാറും. ഇതിലെ യാത്രക്കാർക്ക് കാര്യമായ പരിക്കൊന്നുമില്ലെന്നാണ് വിവരം.

Summary: Car accident at Kuttyadi pass; Two cars crashed and two people were injured