12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല, ജില്ലാ ആശുപത്രികളിൽ കാൻസർ സെന്ററുകൾ; കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ വിശദമായി
ദില്ലി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബജറ്റ് അവതണം ആരംഭിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും, ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യമെന്നും വികസനത്തിന് ഊന്നൽ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. ബിഹാറിന് വാരിക്കോരി സഹായം പ്രഖ്യാപിച്ച ബജറ്റിൽ കേരളത്തെ പൂർണ്ണമായും തഴഞ്ഞു എന്ന പരാതിയും ഉയർന്നിട്ടുണ്ട്.
സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻധാന്യ കൃഷിയോജന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. വിളവൈവിധ്യവും കാർഷിക ഉൽപാദനവും കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചനസംവിധാനം മെച്ചെപ്പെടുത്തുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. 1.7 കോടി കർഷകർക്ക് പദ്ധതി സഹായകരാകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പച്ചക്കറി–പഴ ഉൽപാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേക പദ്ധതി ഒരുക്കും.
![](http://perambranews.com/wp-content/uploads/2023/01/per.gif)
12 ലക്ഷം വരെ വരുമാനമുള്ളവർക്ക് ഇനി നികുതിയുണ്ടാവില്ല. പുതിയ സമ്പ്രദായപ്രകാരം 12.75 ലക്ഷം രൂപ വരെ വരുമാനമുള്ള ശമ്പളവരുമാനക്കാർക്ക് നികുതി നൽകേണ്ടതില്ല. സാധാരണക്കാർക്ക് 80,000 രൂപ വരെ പുതിയ ആദായ നികുതി ഘടനയിലൂടെ ലാഭിക്കാൻ കഴിയുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. പുതിയ പരിഷ്‍കാരത്തിലൂടെ ഒരു ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
എല്ലാ ഗവ. സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കും. സെന്റർ ഓഫ് എക്സലൻസ് ഇൻ ആർടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപിക്കും. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, സുസ്ഥിര വികസിത മേഖലകളെ ഉൾപ്പെടെ ലക്ഷ്യമിട്ടായിരിക്കും ഇത്. അടൽ ഇന്നവേഷൻ മിഷന്റെ കീഴിൽ രാജ്യത്തെ സ്കൂളുകളിൽ അടൽ ടിങ്കറിങ് ലാബറട്ടറീസ് (എടിഎൽ) സ്ഥാപിക്കും. കുട്ടികളുടെ ചിന്താശേഷി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ജീവൻരക്ഷാ മരുന്നുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതിനൊപ്പം കാൻസർ മേഖലയ്ക്കും പദ്ധതികൾ പ്രഖ്യാപിച്ചു. 36 ജീവൻ രക്ഷാമരുന്നുകൾക്ക് പൂർണമായും നികുതി ഇളവ് നൽകി. ആറ് ജീവൻ രക്ഷാമരുന്നുകൾക്ക് നികുതി അഞ്ചു ശതമാനമാക്കി കുറച്ചു. ഇതിനു പുറമെ 37 മരുന്നുകൾക്കും 13 പുതിയ രോഗീസഹായ പദ്ധതികൾക്കും പൂർണമായും നികുതി ഒഴിവാക്കി.
എട്ടു കോടി കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്താനുള്ള പദ്ധതിയും പ്രഖ്യാപനത്തിലുണ്ട്. സക്ഷം അംഗൻവാടി പോഷൺ 2.0 പദ്ധതിയിലൂടെയാണ് എട്ടുകോടിയിലേറെ കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നത്. രാജ്യത്തുടനീളമുള്ള ഒരുകോടി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും, 20 ലക്ഷം കൗമാരക്കാർക്കും പോഷകാഹാരം ഉറപ്പുവരുത്തും.
അതിനിടെ, ബജറ്റ് അവതരണം നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. സ്പീക്കർ സഭയിലെത്തിയതിന് പിന്നാലെ കുംഭമേളയിലെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങി. കുംഭമേള ഉയർത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തോട് ബജറ്റിന് ശേഷം മറ്റ് വിഷയങ്ങ ൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.