എരവട്ടൂരിലെ പെട്രോള്‍ പമ്പിലെ തീ പിടിത്തത്തിന് കാരണം മൊബൈല്‍ ഫോണിന്റെ സിഗ്നല്‍ കാരണമുണ്ടായ സ്പാര്‍ക്കെന്ന് അധികൃതര്‍; എന്നാല്‍ മൊബൈല്‍ ഫോണ്‍ കാരണം സ്പാര്‍ക്ക് ഉണ്ടാകുമോ? പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? യാഥാര്‍ത്ഥ്യം അറിയാം
പേരാമ്പ്ര: എരവട്ടൂരിലെ പെട്രോള്‍ പമ്പില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീ പിടിത്തത്തിന്റെ കാരണം എന്താണെന്ന് ഇനിയും സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. ടാങ്കില്‍ നിന്ന് ഉപയോഗശൂന്യമായ പെട്രോള്‍ നീക്കുന്നതിനിടെയാണ് തീ പിടിത്തമുണ്ടായത്. ഉടന്‍ തന്നെ ജീവനക്കാര്‍ തീ അണച്ചതിനാലാണ് വലിയ അപകടമൊഴിവായത്.
മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ സിഗ്നല്‍ കാരണമുണ്ടായ സ്പാര്‍ക്കാകാം എരവട്ടൂരിലെ പെട്രോള്‍ പമ്പിലുണ്ടായ തീ പിടിത്തത്തിന് കാരണമെന്നാണ് ചില അധികൃതര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. ഇക്കാര്യം നേരത്തേ പേരാമ്പ്ര ന്യൂസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മൊബൈല്‍ ഫോണും അതില്‍ നിന്നുള്ള റേഡിയേഷനും ഏതെങ്കിലും തരത്തില്‍ തീപിടിത്തത്തിനോ തീപ്പൊരിയുണ്ടാക്കാനോ കാരണമാകുമോ? പെട്രോള്‍ പമ്പില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? എന്താണ് ഇതിലെ യാഥാര്‍ത്ഥ്യം? പേരാമ്പ്ര ന്യൂസ് ഡോട് കോം പരിശോധിക്കുകയാണ്.
ഇക്കാര്യത്തില്‍ ഒറ്റവാക്കിലുള്ള ഉത്തരം ‘ഇല്ല’ എന്നതാണ്. പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു വഴി യാതൊരുവിധ അപകടഭീഷണിയും ഇല്ല എന്നതാണ് ശാസ്ത്രീയമായ യാഥാര്‍ത്ഥ്യം. പമ്പില്‍ നിന്ന് ഫോണ്‍ വിളിച്ചാലോ ഇന്റര്‍നെറ്റ് ഉപയോഗിച്ചാലോ ഒരുതരത്തിലുള്ള സ്പാര്‍ക്കും അത് ഉണ്ടാക്കുന്നില്ല. ഇന്നത്തെ കാലത്ത് ഗൂഗിള്‍പേ, ഫോണ്‍പേ തുടങ്ങിയ യു.പി.ഐ ആപ്പുകള്‍ ഉപയോഗിച്ച് പെട്രോള്‍ പമ്പുകളില്‍ പണം നല്‍കുന്ന നമ്മളില്‍ ചിലരെങ്കിലും ഇക്കാര്യം നേരത്തേ തന്നെ ശ്രദ്ധിച്ചിട്ടുണ്ടാകും.
പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കുമ്പോള്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ ബാഷ്പീകരിക്കപ്പെട്ട് വായുവില്‍ നില്‍ക്കുകയും ആ സമയത്ത് മൊബൈല്‍ ഫോണില്‍ നിന്ന് ഉണ്ടാകുന്ന സ്പാര്‍ക്ക് ഈ ബാഷ്പത്തെ തീ പിടിക്കുകയും അത് വലിയ അപകടത്തില്‍ കലാശിക്കുകയും ചെയ്യുമെന്നാണ് പെട്രോള്‍ പമ്പുകളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ പ്രശ്‌നമായി പൊതുവേ വിശ്വസിക്കപ്പെടുന്ന കാര്യം. എന്നാല്‍ ഇത് പൂര്‍ണ്ണമായി അടിസ്ഥാനരഹിതമാണ്.
മൊബൈല്‍ ഫോണ്‍ അഥവാ ഇന്നത്തെ കാലത്തെ സ്മാര്‍ട്ട് ഫോണ്‍ അതിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തിനിടെ ഒരുതരത്തിലുള്ള സ്പാര്‍ക്കും ഉണ്ടാക്കുന്നില്ല. വളരെ കുറഞ്ഞ പവറില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് മൊബൈല്‍ ഫോണുകള്‍. ചെറിയൊരു സ്പാര്‍ക്ക് ഉണ്ടാകണമെങ്കില്‍ പോലും അഞ്ഞൂറിലേറെ ഡിഗ്രി സെല്‍ഷ്യസിലധികം താപനില ആവശ്യമാണ്. ഇത്ര വലിയ താപനില മൊബൈല്‍ ഫോണ്‍ സര്‍ക്യൂട്ടില്‍ ഒരിടത്തും ഇല്ല.
ഇനി റേഡിയേഷന്റെ കാര്യം. ഇവിടെയും പേടിക്കത്തകതായി യാതൊന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നമുക്ക് വെളിച്ചം നല്‍കുന്ന ബള്‍ബുകളില്‍ നിന്നുള്ള പ്രകാശത്തിന്റെയത്ര റേഡിയേഷന്‍ പോലും മൊബൈല്‍ ഫോണില്‍ നിന്ന് ഉണ്ടാകുന്നില്ല. മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്റെ എത്രയോ ഇരട്ടി റേഡിയേഷനാണ് ബള്‍ബുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്നത്. റേഡിയേഷന്‍ കാരണം തീ പിടിത്തം ഉണ്ടാകുമെങ്കില്‍ പെട്രോള്‍ പമ്പില്‍ ബള്‍ബുകള്‍ ഉപയോഗിക്കാന്‍ പറ്റില്ല.
മൊബൈല്‍ ഫോണ്‍ കാരണം പെട്രോള്‍ പമ്പില്‍ തീപ്പിടിത്തമുണ്ടാകാനുള്ള അപൂര്‍വ്വമായ ഏക സാധ്യത ബാറ്ററി തകരാറ് കൊണ്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്പാര്‍ക്ക് കൊണ്ടുള്ള അപകടമാണ്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് വച്ചാല്‍ പോലും ബാറ്ററി തകരാറ് കൊണ്ടുള്ള സ്പാര്‍ക്ക് ഉണ്ടാകും.
മൊബൈല്‍ ഫോണ്‍ കാരണം പെട്രോള്‍ പമ്പില്‍ തീപ്പിടിത്തം ഉണ്ടായ ഒരു സംഭവം പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത്തരം സംഭവങ്ങളുടേത് എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആധികാരികമല്ലാത്തതാണ്. നമ്മുടെ അധികൃതര്‍ ഉള്‍പ്പെടെയുള്ളവരില്‍ എങ്ങനെയോ എത്തിപ്പെട്ട ഒരു തെറ്റായ വിശ്വാസം മാത്രമാണ് പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്നത്.
വസ്തുത ഇതാണെങ്കിലും പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്ന നിയമം ഉണ്ടെങ്കില്‍ എല്ലാവരും അത് പാലിക്കേണ്ടതാണ്. മൊബൈല്‍ ഫോണ്‍ കാരണം തീപ്പിടിത്തം ഉണ്ടാകില്ല എന്ന ശാസ്ത്രീയ സത്യം മനസിലാക്കി കൊണ്ട് തന്നെ നമുക്ക് നിയമം അനുസരിക്കാം.
Summary: Can mobile phone use at petrol station trigger an explosion? Fact check.