കാലിക്കറ്റ് യൂണിവേഴ്സിറ്റി പേരാമ്പ്ര റീജണല്‍ സെന്ററിന് ഇനി സ്വന്തം കെട്ടിടം വരും; ചാലിക്കരയില്‍ അഞ്ചേക്കര്‍ സ്ഥലം 20ന് സര്‍വകലാശാലയ്ക്ക് കൈമാറും


പേരാമ്പ്ര: കാലിക്കറ്റ് സര്‍വകലാശാലയ്ക്കുകീഴില്‍ പേരാമ്പ്ര ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന റീജണല്‍ സെന്ററിന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമായി. നാഷണല്‍ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജനകീയസഹകരണത്തോടെ ധനസമാഹരണം നടത്തിയാണ് അഞ്ചേക്കര്‍ സ്ഥലം വാങ്ങിയത്.

നൊച്ചാട് പഞ്ചായത്തിലെ ചാലിക്കര മായഞ്ചേരിപൊയിലിന് സമീപമുള്ള പന്ന്യാംകൊട മലയിലാണ് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയത്. കോഴിക്കോട് ജില്ലകളില്‍ കാലിക്കറ്റ് സര്‍വകലാശാല ഉന്നതവിദ്യാഭ്യാസ രംഗത്ത് റീജണല്‍ സെന്ററുകളുണ്ടായിരുന്നില്ല. ഇക്കാര്യം പരിഗണിച്ച് സര്‍വകലാശാല സുവര്‍ണജൂബിലിയുടെ ഭാഗമായി സ്ഥലം ലഭ്യമാകുന്നിടത്ത് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ യൂണിവേഴ്സിറ്റി തീരുമാനിച്ചു. ഇതനുസരിച്ചാണ് പേരാമ്പ്രയില്‍ സ്ഥലം ഒരുക്കാനുള്ള ശ്രങ്ങള്‍ നടന്നത്.

കെട്ടിടം നിര്‍മിക്കാന്‍ യൂണിവേഴ്സിറ്റി ഒരുകോടിരൂപ പ്ലാന്‍ഫണ്ടില്‍ നേരത്തേ നീക്കിച്ചിരുന്നു. എന്നാല്‍, സ്ഥലം പ്രദേശികമായി ലഭ്യമാക്കണമെന്നായിരുന്നു നിര്‍ദേശം. ഇതിനായി 2019-ല്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ.യും നൊച്ചാട് ഗ്രാമപ്പഞ്ചായത്തും മുന്‍കൈയെടുത്ത് ജനകീയകൂട്ടായ്മ വിളിച്ചുചേര്‍ക്കുകയും നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന്‍ ചെയര്‍മാനും തറുവയി ഹാജി ജനറല്‍ സെക്രട്ടറിയും എസ്.കെ. അസൈനാര്‍ ട്രഷററുമായി ട്രസ്റ്റ് രൂപവത്കരിക്കുകയായിരുന്നു. ഒന്നരക്കോടിയോളം രൂപ കമ്മിറ്റി സമാഹരിച്ചാണ് സ്ഥലം വാങ്ങിയത്.

സ്ഥലത്തിന്റെ രേഖ ഫെബ്രുവരി 20 ന് വൈകുന്നേരം മൂന്ന് മണിയ്ക്ക് ചാലിക്കരയില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവില്‍നിന്ന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഏറ്റുവാങ്ങും.

ചാലിക്കരയിലെ വാടകക്കെട്ടിടത്തിലാണ് പേരാമ്പ്ര റീജണല്‍ സെന്റര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 2021 ഫെബ്രുവരിയില്‍ പ്രവര്‍ത്തനം തുടങ്ങിയ സെന്ററില്‍ എം.എസ്.ഡബ്ല്യു., എം.സി.എ. പി.ജി. കോഴ്സുകളാണ് ആദ്യം തുടങ്ങിയത്.

ബി.എസ്സി.(ഐ.ടി.), ബി.സി.എ. എന്നിവ പിന്നീട് വന്നു. കഴിഞ്ഞവര്‍ഷം എം.എസ്സി. കപ്യൂട്ടര്‍ സയന്‍സ് (വിത്ത് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി), ബി.എസ്സി. (കൗണ്‍സലിങ് സൈക്കോളജി), ബി.എസ്.ഡബ്ല്യു. എന്നീ കോഴ്‌സുകളും അനുവദിച്ചു. പുതിയകെട്ടിടം വരുന്നതോടെ കൂടുതല്‍ കോഴ്സുകള്‍ ആരംഭിച്ച് ഉന്നതവിദ്യാഭ്യാസത്തിനുള്ള മികച്ചകേന്ദ്രമാക്കി മാറ്റാനാകുമെന്നാണ് പ്രതീക്ഷ.