വയനാട്ടിന്റെ പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി, ചേലക്കരയിൽ ചേലോടെ യു.ആർ പ്രദീപ്, പാലക്കാട് വിജയത്തേരിലേറി രാഹുൽ; ഉപതെരഞ്ഞെടുപ്പിൽ സീറ്റുകൾ നിലനിർത്തി മുന്നണികൾ


തിരുവനന്തപുരം: വയനാട്ടിന്റെ പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി, ചേലക്കരയിൽ ചേലോടെ യു ആർ പ്രദീപ്, പാലക്കാട് വിജയത്തേരിലേറി രാഹുൽ മാങ്കൂട്ടത്തിൽ. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ ഫലം പുറത്ത് വരുമ്പോൾ മുന്നണികൾ സീറ്റുകൾ നിലനിർത്തി. വയനാടും പാലക്കാടും യുഡിഎഫ് നിലനിർത്തിയപ്പോൾ ചേലക്കര ഇടതുപക്ഷവും നിലനിർത്തി.

പാലക്കാട് മണ്ഡലത്തിൽ ബിജെപിക്ക് മുൻതൂക്കമുളള നഗരസഭയിലെ വോട്ടുകളാണ് ആദ്യമെണ്ണിയത്. പോസ്റ്റൽ വോട്ടുകളിലും ആദ്യ റൌണ്ടിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലായിരുന്നു. രണ്ടാം റൌണ്ടിൽ യുഡിഎഫ് ലീഡ് തിരിച്ച് പിടിച്ചു. ഈ മുന്നേറ്റം തുടർന്ന യുഡിഎഫിന് അഞ്ചാം റൌണ്ടിൽ ബിജെപിയിൽ നിന്നും തിരിച്ചടിയുണ്ടായെങ്കിലും ഏഴാം റൌണ്ടിൽ വീണ്ടും ലീഡ് തിരിച്ച് പിടിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് നഗരസഭയിൽ കൂടി.

ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല.

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെഭൂരിപക്ഷം 3.5 ലക്ഷം കടന്നു. നാല് ലക്ഷം ഭൂരിപക്ഷം കടക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.