തിക്കോടി പഞ്ചായത്തില്‍ പള്ളിക്കര വാര്‍ഡ് നിലനിര്‍ത്തി എല്‍.ഡി.എഫ്: വിജയം എതിര്‍സ്ഥാനാര്‍ഥിക്ക് ആകെ കിട്ടിയ വോട്ടുകളേക്കാള്‍ ഭൂരിപക്ഷത്തിന്


തിക്കോടി: സീറ്റ് നിലനിര്‍ത്തി തിക്കോടിയില്‍ എല്‍.ഡി.എഫിന് വന്‍ വിജയം. തിക്കോടി ഗ്രാമപഞ്ചായത്തിലെ പള്ളിക്കര സൗത്ത് വാര്‍ഡ് ഉപതിരഞ്ഞെടുപ്പിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. സി പി എമ്മിലെ ഷീബ പുല്‍പ്പാണ്ടി 448 വോട്ടിനാണു വിജയിച്ചത്.

യു.ഡി.എഫിലെ അഡ്വ. അഖില പുതിയോട്ടിലിനെയും ബി.ജെ.പിയിലെ ബിന്‍സി ഷാജിയെയും പരാജയപ്പെടുത്തിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയം കൊയ്തത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 791 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 343 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബി.ജെ.പി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയുണ്ടായി. ബി.ജെ.പിക്ക് 209 വോട്ട് മാത്രമാണ് ലഭിച്ചത്.

വാര്‍ഡ് മെമ്പര്‍ ആയിരുന്ന സി.പി.എമ്മിലെ ശ്രീലക്ഷ്മി രാജി വെച്ചതോടെ ഉണ്ടായ ഒഴിവിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ 526 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍.ഡി.എഫിന് ഇവിടെ ഉണ്ടായിരുന്നത്.

കൊയിലാണ്ടി താലൂക്ക് തഹസില്‍ദാര്‍ കെ.മുരളീധരന്‍ റിട്ടേണിംഗ് ഓഫീസര്‍ ആയിരുന്ന തിരഞ്ഞെടുപ്പില്‍ 1834 വോട്ടര്‍മാരില്‍ 1343 പേര്‍ വോട്ട് രേഖപ്പെടുത്തി.