ഉപതിരഞ്ഞെടുപ്പ്: വേളം പഞ്ചായത്തിലെ കുറിച്ചകം വാർഡിൽ വോട്ടിം​ഗ് ആരംഭിച്ചു


വേളം: വേളം പഞ്ചായത്തിലെ 16-ാം വാർഡായ കുറിച്ചകത്ത് വോട്ടിം​ഗ് ആരംഭിച്ചു. കുറിച്ചകം ഗവ. എൽപി സ്കൂളിൽ രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. ഫലം ബുധനാഴ്ച അറിയാം.

സി.പി.എമ്മിന്റെ കെ.കെ മനോജനായിരുന്നു കുറിച്ചകം വാർഡ് മെമ്പർ. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് മനോജ് മെമ്പർ സ്ഥാനം രാജിവെക്കുന്നത്. തുടർന്ന് ഉപതിരഞ്ഞെടുപ്പ് വരികയായിരുന്നു.

കർഷകസംഘം നേതാവുകൂടിയായ പി.എം. കുമാരനാണ് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി. യു.ഡി.എഫിനായി വിദ്യാർഥിസംഘടനാനേതാവ് ശാനിബ് ചെമ്പോടയും ബി.ജെ.പിക്കായി ടി.എം. ഷാജുവുമാണ് മത്സരരം​ഗത്തുള്ളത്.

വർഷങ്ങളായി എൽ.ഡി.എഫിനൊപ്പമാണ് കുറിച്ചകത്തുകാർ. 294 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ ലഭിച്ചത്. വാർഡ് ഇത്തവണയും നിലനിർത്താൻ എൽ.ഡി.എഫിനാകുമോ, മറിച്ച് യു.ഡി.എഫോ ബിജെപിയോ പിടിച്ചെടുക്കുമോയെന്ന് അറിയാൻ നാളെ വരെ കാത്തിരിക്കണം.

കുറിച്ചകത്തിന് പുറമേ ജില്ലയിൽ രണ്ട് തദ്ദേശ വാർഡുകളിലും ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നുണ്ട്. പുതുപ്പാടി പഞ്ചായത്തിലെ കണലാട്, ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയ വാർഡുകളിലേക്കാണ്‌ ഉപതെരഞ്ഞെടുപ്പ്‌.