ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല; കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ബസ് സമരം മൂന്നാം ദിവസത്തിലേക്ക്


പേരാമ്പ്ര: കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുന്നു. യാത്രക്കാര്‍ ദുരിതത്തില്‍. ബുധനാഴ്ച വൈകുന്നേരം ഉള്ള്യേരിയില്‍ ബസ് സ്റ്റാന്റില്‍ വെച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ജീവനക്കാരെ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. തൊഴിലാളികളുടെ വാട്സാപ്പ് കൂട്ടായ്മ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം മൂന്ന് ദിവസമായി തുടരുന്ന പണിമുടക്ക് കാരണം വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. രാവിലെ പല ആവശ്യങ്ങള്‍ക്കായ് വീട്ടില്‍ നിന്നിറങ്ങിയവരും, രോഗികളും, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും ബസ് കിട്ടാതെ പെരുവഴിയിലവുന്നത് സ്ഥിരം കാഴ്ചയാവുന്നു. കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും പ്രശ്നനത്തിന് പൂര്‍ണ്ണമായ പരിഹാരമാവുന്നില്ല.

ഇതിനിടെ ചര്‍ച്ചകള്‍ പലതും നടന്നെങ്കിലും വിജയം കണ്ടില്ല. കഴിഞ്ഞ ദിവസം സര്‍വ്വീസ് നടത്താന്‍ തയ്യാറായ ബസ് ജീവനക്കാരെ കുറ്റ്യാടിയില്‍ വെച്ച് മറ്റ് ബസ് തൊഴിലാളികള്‍ മര്‍ദ്ദിക്കുകയും ഉണ്ടായി. ഈ കേസില്‍ നാലുപേരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇന്നലെ രണ്ട് ബസ് സര്‍വീസ് നടത്തി.

നിയമങ്ങള്‍ മറികടന്ന് മിന്നല്‍ പണിമുടക്കു നടത്തുന്ന ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പേരാമ്പ്ര ജോയിന്റ് ആര്‍.ടി.ഒ രാജന്‍ പി.പി പറഞ്ഞു. മിന്നല്‍ പണിമുടക്ക് നടത്തിയ നാല്‍പ്പത് ബസ്സുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ വടകര ആര്‍.ടി.ഒയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി അദ്ദേഹം അറിയിച്ചു. മിന്നല്‍ പണിമുടക്ക് പാടില്ലെന്ന ആര്‍.ടി.ഒയുടെയും പോലീസിന്റേയും നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ബസുകള്‍ പണിമുടക്ക് നടത്തിയിരിക്കുന്നതെന്നും പറഞ്ഞു.

summary: bus strike continues for third day on kozhikode kuttyadi route