കൂരാച്ചുണ്ട് – പേരാമ്പ്ര റൂട്ടില്‍ ബസുകളുടെ കുറവ്; കലോത്സവത്തിനെത്തുന്നവര്‍ ദുരിതത്തില്‍


പേരാമ്പ്ര: പേരാമ്പ്ര- കൂരാച്ചുണ്ട് റൂട്ടില്‍ ബസ്സുകളുടെ കുറവ് ദുരിതത്തിലായി അധ്യാപകരും വിദ്യാര്‍ത്ഥികളും. പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന കൂരാച്ചുണ്ടില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും മത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും കൂരാച്ചുണ്ട് -ചെമ്പ്ര -പേരാമ്പ്ര റൂട്ടില്‍ ബസ് സര്‍വീസിന്റെ കുറവുമൂലം കഷ്ടത്തിലായിരിക്കുന്നത്.

വൈകുന്നേരത്തോടെ മടക്കയാത്രക്കായി നിരവധിപ്പേരാണ് ബുദ്ധിമുട്ടിലായത്. ചെമ്പ്ര നിന്നും പേരാമ്പ്ര റോഡിന്റെ നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി കലിങ്ക് നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കോടേരിച്ചാലില്‍ നിന്നും ബൈപ്പാസ് വഴിയാണ് ബസുകള്‍ ഓടുന്നത്. പൊതുവെ ബസ് സര്‍വീസ് കുറവുള്ള ഈ റൂട്ടില്‍ കലോത്സവമായിട്ടും കൂടുതല്‍ ബസ് സര്‍വീസ് അനുവദിക്കാത്തതിനെതിരേ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

കൂരാച്ചുണ്ട് നിന്നും കായണ്ണ വഴി പേരാമ്പ്ര റൂട്ടിലും ബസ് സര്‍വീസ് കുറവാണ്. ഇക്കാരണത്താല്‍ മത്സരങ്ങളില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ വലിയ തുക ചെലവഴിച്ച് ടാക്‌സി വാഹനങ്ങള ആശ്രയിച്ചാണ് മടങ്ങുന്നത്.

കലോത്സവ ദിവസങ്ങളില്‍ യാത്രക്കായി കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് അനുവദിക്കാനായി പഞ്ചായത്ത് അധികൃതര്‍ കളക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടും കെ.എസ്.ആര്‍.ടി.സി അധികൃതരുമായി ബന്ധപ്പെട്ടിട്ടും നടപടിയായില്ല.

summary: bus shortage in perambra-koorachund root