യാത്രദുരിതത്തിന് പരിഹാരമാവുന്നു; കുറ്റ്യാടി വഴി മൈസൂരിലേക്കുള്ള ബസ് പുനസ്ഥാപിക്കും, ഗതാഗത പ്രശ്നമുള്ള റൂട്ടുകളിൽ ചെറിയ ബസുകൾ അനുവദിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി


കുറ്റ്യാടി: കുറ്റ്യാടി വഴി മൈസൂരിലേക്ക് പോകുന്ന ബസ് പുന:സ്ഥാപിമെന്നും, ഗതാഗത പ്രതിസന്ധി നേരിടുന്ന റൂട്ടുകളിൽ കെഎസ്ആർടിസിയുടെ ചെറിയ ബസുകൾ അനുവദിക്കുന്നത് പരിഗണിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ബസുകൾ ഇല്ലാത്തത് കാരണം ജനങ്ങള്‍ നേരിടുന്ന പ്രയാസവുമായി ബന്ധപ്പെട്ട്‌ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

‘തൊട്ടിൽപാലം യൂണിറ്റിൽ നിന്ന് വേളം പെരുവയൽ പള്ളിയത്ത് വഴി പേരാമ്പ്ര നടത്തിയിരുന്ന കെഎസ്ആ ടി സി ബസ് സർവീസ് പ്രസ്തുത റൂട്ട് റോഡ് പ്രവർത്തിക്കായി ബ്ലോക്ക് ചെയ്ത സാഹചര്യത്തിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. നിലവിൽ വടകര പള്ളിയത്ത് വഴിയാണ് ഈ റൂട്ടിൽ ബസ് സർവീസ് നടത്തുന്നത്. ബസുകളുടെ കുറവ് പരിശോധിച്ച്‌ കോഴിക്കോട്-പേരാമ്പ്ര-കുറ്റ്യാടി-തൊട്ടിൽപാലം റൂട്ടിൽ ബസ്സുകൾ അനുവദിക്കുമെന്ന് മന്ത്രി മറുപടിയായി പറഞ്ഞു.

എംഎൽഎമാരുടെ അധ്യക്ഷതയിൽ നടന്ന ജനകീയ സദസ്സിന്റെ ഭാഗമായി റൂട്ട് ഫോർമുലേറ്റ് ചെയ്യാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ 503 റൂട്ടുകൾ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി അംഗീകരിച്ച് നൽകിയിട്ടുണ്ട്. ഈ തീരുമാനത്തിന്റെ ഭാഗമായി പെർമിറ്റുകൾ ഉടൻ അനുവദിക്കും. ഇതിൽ പെടാത്ത റൂട്ടുകളിൽ ബസ്സുകൾ അനുവദിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ ആയതും പരിശോധിക്കും. ജില്ലാതല യോഗം നടത്തി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

കുറ്റ്യാടിയിൽ നിന്നും വേളം ഗ്രാമപഞ്ചായത്തിലെ ശാന്തിനഗർ-പെരുവയൽ-പള്ളിയത്ത് വഴി പേരാമ്പ്രയിലേക്കും, വടകരയിൽ നിന്ന് വേളം ഗ്രാമ പഞ്ചായത്തിലെ വലകെട്ട് -കുളിക്കുന്ന് -പള്ളിയത്ത് വഴി പേരാമ്പ്രയിലേക്കും നിലവില്‍ ബസ് സർവീസ് ആവശ്യമുണ്ട്. കൂടാതെ നാദാപുരം-കുറ്റ്യാടി സംസ്ഥാനപാതയിലെ കക്കട്ട് വഴി നിട്ടൂർ-അമ്പലക്കുളങ്ങര-വട്ടക്കണ്ടി പാറ ഭാഗത്തേക്കും, മൊകേരിയിൽ നിന്ന് നടുപ്പൊയിൽ ഭാഗത്തേക്കും, കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ പാതിരിപ്പറ്റ ഭാഗത്തേക്കും, പുറമേരി ഗ്രാമപഞ്ചായത്തിലെ വിലാതപുരം-അരൂർ ഭാഗത്തേക്കും, വടകരയിൽ നിന്ന് മണിയൂർ ഗ്രാമപഞ്ചായത്തിലെ എളമ്പിടേക്കും കെഎസ്ആർടിസി ബസ് ഇല്ലാത്തതുകാരണം ജനങ്ങൾ വലിയ യാത്രാ ദുരിതം നേരിടുന്നുണ്ടെന്ന് എംഎല്‍എ നിയമസഭയില്‍ അറിയിച്ചു.

Description: Bus service to Mysore via Kuttiadi will be restored; Transport Minister