റോഡിലെ കുണ്ടും കുഴിയും, കനത്ത മഴയും; വടകര കൃഷ്ണ കൃപ ഓഡിറ്റോറിയം മുതല്‍ അടയ്ക്കാതെരുവ് വരെ വന്‍ ഗതാഗതക്കുരുക്ക്; വലഞ്ഞ് യാത്രക്കാര്‍


വടകര: ദേശീയപാതയില്‍ കൃഷ്ണകൃപ ഓഡിറ്റോറിയം മുതല്‍ അടയ്ക്കാതെരുവ് വരെ വന്‍ ഗതാഗതകുരുക്ക്. മഴയും റോഡിലെ കുണ്ടും കുഴിയുമാണ് ഗതാഗതക്കുരുക്കിന് കാരണം. ഇന്ന് രാവിലെ ആറ് മണി മുതല്‍ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങികിടക്കുകയാണ്.

ജോലിക്കായി പോകുന്നവരും ട്യൂഷന്‍ വിദ്യാര്‍ത്ഥികളും ദീര്‍ഘദൂര യാത്രക്കാരുമടക്കം നിരവധി പേരാണ് ഗതാഗതക്കുരിക്കില്‍ വലഞ്ഞിരിക്കുന്നത്. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പുതിയ സ്റ്റാന്റില്‍ നിന്നും പഴയ സ്റ്റാന്റിലേക്ക് എത്താന്‍ പലപ്പോളും സമയമെടുക്കാറുണ്ട്. മിക്ക ദിവസങ്ങളിലും ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് ഉണ്ടാവാറുണ്ട്. ഇതിനിടയില്‍ മഴ കൂടി പെയ്താല്‍ കുരുക്ക് മണിക്കൂറുകളോളം നീണ്ടു പോവാറുണ്ട്.

അതേ സമയം കനത്ത മഴയെ തുടര്‍ന്ന് പയ്യോളി, ഇരിങ്ങല്‍, അയനിക്കാട് ഭാഗങ്ങളില്‍ വന്‍ ഗതാഗതക്കുരുക്കാണ്. രാവിലെ 7.45ന് കൊയിലാണ്ടിയില്‍ നിന്നും എടുത്ത ബസ് 9.30ഓടെയാണ് പയ്യോളിയില്‍ എത്തിയത്. പയ്യോളിയില്‍ ഗതാഗതക്കുരുക്കായതോടെ 10മണി വരെ 4 ബസുകള്‍ മാത്രമാണ് ആ ഭാഗത്തുനിന്നും വടകരയിലേക്ക് സര്‍വ്വീസ് നടത്തിയിട്ടുള്ളൂവെന്ന് വടകര സ്വദേശിയായ ബിജു വടകര ഡോട് ന്യൂസിനോട് പറഞ്ഞു.