മലയോര ഹൈവേ റോഡ് വികസനം പരമ്പരാഗതമായ കൂരാച്ചുണ്ട് അങ്ങാടിയെ നശിപ്പിക്കും: ആക്ഷന്‍ കമ്മറ്റിരൂപീകരിച്ച് കെട്ടിട ഉടമസ്ഥന്‍മാരുടെ കൂട്ടായ്മ


കൂരാച്ചുണ്ട്: മലയോര ഹൈവേയുടെ ഭാഗമായി 12 മീറ്റര്‍ വീതിയില്‍ പരമ്പരാഗതമായ കൂരാച്ചുണ്ട് അങ്ങാടിയെ നശിപ്പിച്ചു കൊണ്ടുള്ള റോഡ് വികസനത്തിനെതിരെ കെട്ടിട ഉടമസ്ഥന്‍മാരുടെ കൂട്ടായ്മ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. മലയോര ഹൈവേ ആദ്യ അലൈന്‍മെന്റില്‍ മാറ്റം വരുത്തി കൂരാച്ചുണ്ട് ടൗണ്‍ പൂര്‍ണമായി താറുമാറാക്കുന്ന രീതിയില്‍ നടപ്പിലാക്കണമെന്ന് ഒരു വിഭാഗം വാശിപിടിക്കുന്നുവെന്നും ആദ്യ അലൈന്‍മെന്റ് നരിനട, ഓട്ടപ്പാലം വഴികടന്നു പോകും വിധമായിരുന്നെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.

വ്യാപാരഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ബഷീര്‍ വി.എം. സാഗതം പറഞ്ഞു. ജോയി വേങ്ങത്താനം അദ്ധ്യക്ഷത വഹിച്ചു. മലയോര ഹൈവേ ഭൂമി നഷ്ടപ്പെടുന്നവരുടെ സംശയങ്ങള്‍ക്ക് നിയമ വിദഗ്ദര്‍ മറുപടി നല്‍കി. അഷറഫ് കോവുമ്മല്‍, നജീബ് പുള്ളുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജോയി വേങ്ങത്താനം (പ്രസിഡന്റ്) ബഷീര്‍ വി.എം. (സെക്രട്ടറി), അഷറഫ് കോവുമ്മല്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി. ബില്‍ഡിംഗ്, വ്യാപാരം, ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ നിയമനടപടിയിലേക്ക് പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.