ബഫർസോൺ പ്രശ്ന പരിഹാരം; ഹെൽപ്പ് ഡെസ്ക്കുകളിൽ ലഭിച്ച പരാതികളിലെ സ്ഥലപരിശോധന ജില്ലയിൽ ഇന്ന് തുടങ്ങും
കോഴിക്കോട്: ബഫർസോൺ ജനവാസമേഖലകൾ സംബന്ധിച്ച പരാതികൾ പരിഹരിക്കാനുള്ള നേരിട്ടുള്ള സ്ഥലപരിശോധന ജില്ലയിൽ ഇന്നു തുടങ്ങും. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഇന്നു മുതൽ സ്ഥലപരിശോധന നടത്തും. പഞ്ചായത്ത്, വനം, റവന്യു വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന. ചക്കിട്ടപാറ പഞ്ചായത്തിൽ സ്ഥല പരിശോധന 26നു തുടങ്ങും. സ്ഥലപരിശോധനയ്ക്കു മുന്നോടിയായി ഇന്നലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ വനം, റവന്യു, പഞ്ചായത്ത് വകുപ്പുകളുടെ യോഗം ചേർന്നു.
അതേ സമയം, പരിസ്ഥിതി ലോല മേഖല സംബന്ധിച്ചു പഞ്ചായത്തുകൾക്കുള്ള അവ്യക്തത നീങ്ങിയിട്ടില്ല. ഉപഗ്രഹ സർവേ ഭൂപടവും വനംവകുപ്പിന്റെ കരടു ഭൂപടവും അടിസ്ഥാനമാക്കി പരിശോധന നടത്താനാണു നിർദേശം. ഇതിൽ വനംവകുപ്പിന്റെ ഭൂപടത്തിൽ സർവേ നമ്പറുകൾ രേഖപ്പെടുത്തിയിട്ടില്ല.
ഹെൽപ് ഡെസ്ക്കുകളിൽ ലഭിച്ച പരാതികൾ വിശദമായി പരിശോധിച്ച ശേഷമാണ് നേരിട്ടുള്ള സ്ഥലപരിശോധന ആരംഭിക്കുകയെന്നു ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ പറഞ്ഞു.