‘പഞ്ചായത്തിലെ 90 ശതമാനം ജനങ്ങളെയും ബാധിക്കുന്ന വിഷയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണം’; ബഫര്‍സോണ്‍ വിഷയത്തില്‍ ബഹുജനങ്ങളെ അണിനിരത്തി മനുഷ്യമതില്‍ തീര്‍ക്കാന്‍ ചക്കിട്ടപാറ പഞ്ചായത്ത്


ചക്കിട്ടപാറ: ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി പുനഃപരിശോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ബഹുജന പങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഭരണ സമിതി തീരുമാനിച്ചു.

പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജൂലൈ 25 ന് തിങ്കളാഴ്ച വൈകുന്നേരം പഞ്ചായത്തിലെ മുഴുവന്‍ ബഹുജനങ്ങളെയും അണിനിരത്തി പ്രതീകാത്മക മനുഷ്യമതില്‍ തീര്‍ക്കാനും പഞ്ചായത്ത് തീരുമാനിച്ചു.

എം.പി, എം.എല്‍.എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ പരിപാടിയുടെ ഭാഗമാക്കും. മനുഷ്യമതിൽ വിജയിപ്പിക്കുന്നതിനായി സ്വാഗത സംഘം രൂപീകരണ യോഗം ജൂലൈ 15 ന് രാവിലെ 11 മണിക്ക് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേരും.

വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ പ്രഖ്യാപിച്ച സുപ്രീം കോടതി വിധി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ 90 ശതമാനം ജനങ്ങളേയും സാരമായി ബാധിക്കുന്ന പ്രശ്‌നമാണെന്നും ആയതിനാല്‍ സുപ്രീം കോടതി വിധി മറികടക്കാൻ ആവശ്യമായ പുനഃപരിശോധന ഹര്‍ജി കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്നും ഇതിനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണം എന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപെട്ടു.

യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷത വഹിച്ചു. സി.കെ. ശശി അവതരിപ്പിച്ച പ്രമേയത്തെ ഗ്രാമ പഞ്ചായത്തംഗം കെ.എ. ജോസ്‌കുട്ടി പിന്താങ്ങി.