‘രണ്ടുലക്ഷത്തിലധികം കുടുംബങ്ങളെ നേരിട്ട് ബാധിക്കും, അശാസ്ത്രീയമായ ഉപഗ്രഹ മാപ്പിം​ഗ് പിന്‍വലിക്കണം’; 20ന് കൂരാച്ചുണ്ടില്‍ കോണ്‍ഗ്രസിന്റെ കണ്‍വെന്‍ഷന്‍


കൂരാച്ചുണ്ട്: മലബാര്‍ വന്യജീവി സങ്കേതത്തിന്റെ കരുതല്‍മേഖല വിഷയത്തില്‍ പുറത്തുവിട്ട അശാസ്ത്രീയമായ മാപ്പ് പിന്‍വലിക്കുന്നതുവരെ ശക്തമായ സമരമുഖം തുറക്കാന്‍ കോണ്‍ഗ്രസ് മലയോരമേഖലാ നേതൃയോഗം തീരുമാനിച്ചു. രണ്ടുലക്ഷത്തിലധികം കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭത്തിന് ഡി.സി.സി. നേതൃത്വം കൊടുക്കുമെന്ന് നേതൃയോഗം ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ യോഗത്തില്‍ പറഞ്ഞു.

ഇതിന്റെ ഭാഗമായി 20-ന് കൂരാച്ചുണ്ടില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷനും ഇരകളുമായുള്ള സംവാദവും സംഘടിപ്പിക്കും. രമേശ് ചെന്നിത്തല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

യോഗത്തില്‍ പി.വാസു അധ്യക്ഷനായി. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍, കെ.ടി. ജയിംസ്, അഗസ്റ്റിന്‍ കാരക്കട, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, കെ. മധു കൃഷ്ണന്‍, കെ.എ. ജോസ് കുട്ടി, പോളി കാരക്കട, അമ്പാട്ട് അപ്പച്ചന്‍, ജിതേഷ് മുതുകാട്, ജെയിംസ് മാത്യു, വി.പി. ഇബ്രാഹിം, തോമസ് ആനത്താനം, ബാബു കൂനംതടം, ജോണ്‍സണ്‍ താനിക്കല്‍, പയസ് വെട്ടിക്കല്‍ എന്നിവര്‍ സംസാരിച്ചു.