ബഫര്‍ സോണ്‍; വ്യാജപ്രചാരണങ്ങള്‍ക്കെതിരേ ചക്കിട്ടപ്പാറയില്‍ സി.പി.എം. മലയോരജാഥ


ചക്കിട്ടപാറ: ബഫര്‍ സോണ്‍ വിഷയത്തില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ തിരിച്ചറിയുക, ജനവാസകേന്ദ്രങ്ങളെ കരുതല്‍മേഖലയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങളുമായി സി.പി.എം. ചക്കിട്ടപാറ പഞ്ചായത്തില്‍ മലയോരജാഥ നടത്തി. മുതുകാട് നിന്നും പൂഴിത്തോടുനിന്നും തുടങ്ങിയ രണ്ട് കാല്‍നടപ്രചാരണജാഥകള്‍ ചക്കിട്ടപാറ ടൗണില്‍ സമാപിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജാഥ. സമാപനസമ്മേളനം സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റംഗം ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു.

കരുതല്‍മേഖല വിഷയത്തില്‍ യു.ഡി.എഫും ബി.ജെ.പി.യും രാഷ്ട്രീയലക്ഷ്യത്തോടെ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇവർക്ക് കൂട്ടായി ചില സാമുദായികശക്തികളും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വഴിതിരിച്ചുവിടാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ സി.പി.എം. വിഷയത്തില്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും മേഖലയിലെ ഭൂമിയും നിര്‍മിതികളും പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.എം. ലോക്കല്‍ സെക്രട്ടറി എ.ജി. ഭാസ്‌കരന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, സി.പി.എം. ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മദ്, പി.പി. രഘുനാഥ്, പി.സി. സുരാജന്‍ എന്നിവര്‍ സംസാരിച്ചു.