ബഡ്‌സ് ദിനാചരണം; ചോറോട് ബഡ്‌സ് സ്‌ക്കൂളില്‍ രക്ഷാകർത്തൃ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു


ചോറോട്: ബഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച്‌ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ചോറോട് ബഡ്‌സ് സ്‌ക്കൂളില്‍ രക്ഷാകർത്തൃ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രശേഖരൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബഡ്‌സ് സ്ഥാപനങ്ങള്‍ ജനകീയമാക്കുന്നതിനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യ പിന്തുണയും പൊതുജനപങ്കാളിത്തവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഡ്‌സ് ഡേ ആചരിക്കുന്നത്.

ബൗദ്ധിക വെല്ലുവിളി നേരുന്ന കുട്ടികളുടെ വിദ്യാഭ്യാസവും പുനരധിവാസവും ലക്ഷ്യമിട്ട് പ്രവര്‍ത്തിപ്പിക്കുന്ന ബഡ്‌സ് സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ ഉള്‍ച്ചേര്‍ക്കുക, രക്ഷിതാക്കള്‍ക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളും ബഡ്‌സ് ദിനാഘോഷത്തിനുണ്ട്. സംസ്ഥാനത്തെ എല്ലാ ബഡ്‌സ് സ്ഥാപനങ്ങളിലും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വാരാഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വടകര ബ്ലോക്ക്‌ കൗൺസിലർ അതുല്യ പാരന്റിങ് എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.നാരായണൻ മാസ്റ്റർ, വാർഡ് മെമ്പർമാരായ ജിഷ, സജിത, ബിന്ദു, പ്രസാദ് എന്നിവർ സംസാരിച്ചു. ബഡ്‌സ് സ്കൂൾ ടീച്ചർ പ്രേമ നന്ദി അറിയിച്ചു. സി.ഡി.എസ് മെമ്പർമാർ, സി.ഡി.എസ് അക്കൗണ്ടന്റ് രമ്യ, സാമൂഹിക വികസനം ആർപി അനഘ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.