പേരാമ്പ്രയില്‍ ആരോഗ്യ മേഖലക്കും ശുചിത്വം, മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ക്കുമായി 68.50 ലക്ഷം രൂപ; ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു


പേരാമ്പ്ര: ആരോഗ്യ മേഖലക്കും ശുചിത്വത്തിനും മാലിന്യ സംസ്‌ക്കരണത്തിനുമായി 68,50,000 രൂപ വകയിരുത്തി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ബജറ്റ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് കെ.എം റീനയാണ് ബജറ്റ് അവതരിപ്പിച്ചത്. 42.77 കോടിരൂപ വരവും 42.42 കോടിരൂപ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. കൃഷിക്കും കുടിവെള്ളത്തിനും റോഡുകള്‍ക്കും തൊഴിലുറപ്പിനും ബജറ്റ് പ്രത്യേക പരിഗണന നല്‍കി.

ഇതില്‍ തൊഴിലുറപ്പ് പദ്ധതിക്കായി 19,10,49,906 രൂപ നീക്കിവെച്ചിട്ടുണ്ട്. കൃഷിക്കും ജലസേചനത്തിനും മൃഗസംരക്ഷണത്തിനുമായി 1,06,50,000 രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിനും കലയ്ക്കും കായികത്തിനും സംസ്‌കാരത്തിനുമായി 33,17,000 രൂപയും നീക്കിവെച്ചിട്ടുണ്ട്. കടുത്ത വേനലും വരള്‍ച്ചയും മുന്നില്‍ കണ്ട് ഭൂഗര്‍ഭജലം സംരക്ഷിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഗ്രാമപഞ്ചായത്തില്‍ മഴക്കുഴികള്‍ നിര്‍മ്മിക്കുമെന്നും കിണര്‍ റീചാര്‍ജ്ജ് ചെയ്യാനും ജനങ്ങളില്‍ ജലമിതവ്യയശീലം ഉണ്ടാക്കാനും ബജറ്റില്‍ ലക്ഷ്യമിടുന്നതായും പറഞ്ഞു.

ദാരിദ്ര ലഘൂകരണ പരിപാടികള്‍ക്ക് 10,00,00,000 രൂപ നീക്കിവെച്ചപ്പോള്‍ വനിതാക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 15,00,000 രൂപയും, പട്ടികജാതി ക്ഷേമത്തിന് 72,40,000 രൂപയും ബജറ്റില്‍ വക കൊള്ളിച്ചിട്ടുണ്ട്. അംഗനവാടി മേഖലക്ക് 60 ലക്ഷത്തിന്റെ വിവിധ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

റോഡുകള്‍ക്കും പാലങ്ങള്‍ക്കും കലുങ്കുകള്‍ക്കും ചപ്പാത്തുകള്‍ക്കുമായി 33 ലക്ഷവും ബസ് സ്റ്റാന്റിന് 5 ലക്ഷവും വകയിരുത്തിയിരിക്കുന്നു. പശ്ചാത്തല വികസനത്തിന് 6 കോടിയില്‍ പരം രൂപയും ഭവനപദ്ധതികള്‍ക്കായി 4 കോടിയില്‍ പരം രൂപയും വകയിരുത്തിയ ബജറ്റ് അഗതി ആശ്രയ പദ്ധതിക്കും ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ക്ഷേമം എന്നിവക്ക് പരിഗണന നല്‍കുന്നു. മുഴുവന്‍ അംഗങ്ങളും ബജറ്റിനെ സ്വാഗതം ചെയ്തു.

ഗ്രാമപഞ്ചായത്തംഗങ്ങളായ പി.കെ. രാഗേഷ്, വിനോദ് തിരുവോത്ത്, കെ.കെ. പ്രേമന്‍, മിനി പൊന്‍പറ, സല്‍മ നന്മനക്കണ്ടി, ശ്രീലജ പുതിയേടത്ത്, പി.കെ. സത്യന്‍, കെ.എന്‍. ശാരദ, പി.പി. റസ്മിന, യു.സി. അനീഫ, കെ. പ്രിയേഷ് കുമാര്‍ എന്നിവര്‍ ബജറ്റ് ചര്‍ച്ചയില്‍ സംസാരിച്ചു.