4ജിയിലൂടെ മികച്ച നെറ്റുവർക്കും കവറേജും അതിവേഗ ഇന്റർനെറ്റും; ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളുമായി ബി.എസ്.എൻ.എൽ
ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി പൊതുമേഖല ടെലികോം നെറ്റ്വർക്കായ ബി.എസ്.എൻ.എൽ. രാജ്യത്തെ 12 നഗരങ്ങളിൽക്കൂടി അതിവേഗ 4ജി സേവനം ബി.എസ്.എൻ.എൽ ആരംഭിച്ചതായാണ് റിപ്പോർട്ട്. 4ജിയിലൂടെ മികച്ച നെറ്റ്വർക്ക് കവറേജും അതിവേഗ ഇന്റർനെറ്റും ഉപഭോക്താക്കൾക്ക് എത്തിക്കാൻ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു. 700MHz, 2100MHz ബാൻഡുകൾ സംയോജിപ്പിച്ചാണ് ബി.എസ്.എൻ.എൽ 4ജി വിന്യസിക്കുന്നത്. 700MHz മികച്ച കവറേജും 2100MHz അതിവേഗ ഡാറ്റാ സ്പീഡും നൽകും. ഈ ലയനം മികച്ച യൂസർ അനുഭവം ഉപഭോക്താക്കൾക്ക് നൽകുമെന്നാണ് ബി.എസ്.എൻ.എല്ലിന്റെ പ്രതീക്ഷ.
രാജ്യത്തെ 12 നഗരങ്ങളിൽക്കൂടി 4ജി സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്. വൻ നഗരങ്ങളായ ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവയ്ക്ക് പുറമെ അഹമ്മദാബാദ്, അഗർത്തല, ചണ്ഡീഗഡ്, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ലക്‌നൗ, റായ്പൂർ എന്നിവിടങ്ങളിൽ ബിഎസ്എൻഎല്ലിന്റെ അതിവേഗ 4ജി വിന്യാസം പൂർത്തിയായി. മറ്റ് നഗരങ്ങളിലും ബിഎസ്എൻഎല്ലിന്റെ 4ജി വിന്യാസം പുരോഗമിക്കുകയാണ്. രാജ്യത്ത് ഇതുവരെ 51,700ലേറെ 4ജി ടവറുകളാണ് ബി.എസ്.എൻ.എൽ പൂർത്തിയാക്കിയത്. ഇവയിൽ 41,950 ടവറുകൾ പ്രവർത്തനക്ഷമമായി.
സ്വകാര്യ ടെലികോം കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ ബിഎസ്എൻഎല്ലിന് നല്ല കാലമാണ്. ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെ ബിഎസ്എൻഎല്ലിന് ലഭിച്ചു. ഈ സാഹചര്യത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ 4ജി വിന്യാസം വേഗം കമ്പനി പൂർത്തിയാക്കേണ്ടതുണ്ട്.