വീണ്ടും അതിശയിപ്പിക്കുന്ന റീച്ചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽ; ദിവസവും 2 ജിബി ഡാറ്റ, ഫ്രീ കോൾ, 105 ദിവസം വാലിഡിറ്റി, കുറഞ്ഞ വില


ദില്ലി: കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ മൂല്യം ഉപഭോക്താക്കൾക്ക് നൽകുകയെന്ന ലക്ഷ്യവുമായി ബിഎസ്എൻഎൽ. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ ഏറ്റവും കൂടുതൽ പുതിയ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ച ടെലികോം സേവനദാതാക്കളിലൊരാൾ ബിഎസ്എൻഎൽ ആയിരിക്കും. 105 ദിവസം വാലിഡിറ്റിയുള്ള പുതിയ റീച്ചാർജ് പ്ലാനാണ് ബി എസ് എൻ എൽ അവതരിപ്പിച്ചിരിക്കുന്നത്.

ദിവസം രണ്ട് ജിബി ഡാറ്റ എന്ന കണക്കിലുള്ള ഈ പ്ലാനിന് 666 രൂപയാണാവുക. ഏതൊരു നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ കോൾ 105 ദിവസവും ഇതിലൂടെ സാധ്യമാകും. ഇതിന് പുറമെ ദിവസം 100 വീതം സൗജന്യ എസ്എംഎസുകളും ബിഎസ്എൻഎൽ നൽകുന്നു. ആകെ വാലിഡിറ്റി കാലയളവിൽ 210 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ നൽകുന്നത്. ദിവസവും 2 ജിബി അതിവേഗ ഡാറ്റ ഇങ്ങനെ ഉപയോഗിക്കാം. ഈ നിരക്കിൽ ഇത്രയേറെ ദിവസത്തെ വാലിഡിറ്റിയിൽ ഇത്രയധികം ആനുകൂല്യങ്ങളുള്ള റീച്ചാർജ് പ്ലാനുകൾ മറ്റ് കമ്പനികളൊന്നും നൽകുന്നില്ല എന്നതാണ് യാഥാർഥ്യം.

അതേസമയം ബിഎസ്എൻഎല്ലിൻറെ 4ജി വിന്യാസം പുരോഗമിക്കുകയാണ്. ഇതിനകം 35,000 4ജി ടവറുകൾ പൂർത്തിയാക്കാൻ കമ്പനിക്കായതായാണ് റിപ്പോർട്ട്. മികച്ച ഡാറ്റ പ്ലാനുകളും 4ജി വിന്യാസവും ബിഎസ്എൻഎല്ലിനെ തിരിച്ചുവരവിൻറെ പാതയിലേക്കാണ് നയിക്കുന്നത് എന്നാണ് സൂചന. സ്വകാര്യ കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചതിന് ശേഷമുള്ള ആദ്യ മാസം മാത്രം 29 ലക്ഷം പുതിയ ഉപഭോക്താക്കളെ ബിഎസ്എൻഎല്ലിന് ലഭിച്ചിരുന്നു.