എസ്റ്റേറ്റ് ഗോഡൗണിൽ അതിക്രമിച്ചു കയറി ജോലിക്കാരൻ്റെ കഴുത്തിൽ കത്തിവെച്ച് കുരുമുളകും കാപ്പിയും കവർന്നു; താമരശ്ശേരി സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ


കോഴിക്കോട്: എസ്റ്റേറ്റ് ഗോഡൗണിൽ അതിക്രമിച്ചു കയറി ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തി കാപ്പിയും കുരുമുളകും കവര്‍ന്ന കേസില്‍ പൂനൂർ സ്വദേശികളായ സഹോദരങ്ങളെ കോഴിക്കോട് വെച്ച് പൊലീസ് പിടികൂടി. 70 കിലോയോളം തൂക്കം വരുന്ന, 43,000 രൂപയോളം വിലമതിക്കുന്ന കുരുമുളകും, 12,000 രൂപയോളം വില വരുന്ന കാപ്പിയുമാണ് ഇവര്‍ കവര്‍ന്നത്.

താമരശ്ശേരി പൂനൂര്‍ കുറുപ്പിന്റെകണ്ടി പാലംതലക്കല്‍ വീട്ടില്‍ അബ്ദുല്‍ റിഷാദ് (29), കെ.പി.നിസാര്‍ (26) എന്നിവർ ആണ് പിടിയലായത്. വയനാട് ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘമാണ് കോഴിക്കോടുനിന്ന് ഇരുവരെയും പിടികൂടിയത്.

കവർച്ച നടത്തിയ ശേഷം കോഴിക്കോട് കുന്ദമംഗലം പെരിങ്ങളത്ത് വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ ചൊവ്വാഴ്ച പുലര്‍ച്ച പൊലീസ് വീടുവളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു. സംഭവം നടന്ന് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരെയും പൊലീസ് വലയിലാക്കി. അന്വേഷണത്തിന്റെ ഭാഗമായി 250ഓളം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയാന്വേഷണ ത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്. പ്രതികളില്‍ ഒരാളായ നിസാര്‍ നിരവധി കേസുകളില്‍ കൂടി പ്രതിയായ ഒരാളാണ്. നവംബർ 15ന് രാത്രിയോടെയാണ് വയനാട് കമ്പളക്കാട് ചുണ്ടക്കര പൂളക്കൊല്ലിയിലെ എസ്റ്റേറ്റ് ഗോഡൗണില്‍ കവര്‍ച്ച നടന്നത്.

Summary: broke into the estate warehouse and stole pepper and coffee by putting a knife to the throat of an employee; The brothers from Thamarassery were arrested