സന്തോഷ് ട്രോഫിയിലെ മിന്നും പ്രകടനം; കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ 2023-24ലെ മികച്ച സീനിയര്‍ ഫുട്‌ബോള്‍ താരമായി കൂരാച്ചുണ്ട് സ്വദേശി


കൂരാച്ചുണ്ട്: കേരള ഫുട്ബോള്‍ അസോസിയേഷന്റെ 2023 – 24 വര്‍ഷത്തെ പുരുഷ വിഭാഗത്തില്‍ മികച്ച സീനിയര്‍ ഫുട്ബോള്‍ താരമായി കൂരാച്ചുണ്ട് സ്വദേശി അര്‍ജുന്‍ ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. അരുണാചല്‍ പ്രദേശില്‍ നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിനുവേണ്ടിയും കേരള പ്രീമിയര്‍ ലീഗില്‍ കെ.എസ്.ഇ.ബിക്കുവേണ്ടിയും മികച്ച പ്രകടനം കാഴ്ചവെച്ചതാണ് അര്‍ജുനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ചൊവ്വാഴ്ച കൊച്ചിയില്‍ നടന്ന സംസ്ഥാന അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുരസ്‌കാരം അര്‍ജുന്‍ ഏറ്റുവാങ്ങി. ഷീല്‍ഡും സ്വര്‍ണമെഡലുമടങ്ങുന്നതായിരുന്നു പുരസ്‌കാരം.ഗോവയില്‍ നടന്ന നാഷണല്‍ ഗെയിംസിലും അര്‍ജുന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. വെങ്കലമെഡലായിരുന്നു അര്‍ജുന്‍ നേടിയത്.

കൂരാച്ചുണ്ട് പൂവത്തുംചോല നടുക്കണ്ടി പറമ്പില്‍ ബാലകൃഷ്ണന്‍-ബീന ദമ്പതികളുടെ മകനാണ്.