ജാമ്യ വ്യവസ്ഥ ലംഘിച്ചു; യൂത്ത് ലീ​ഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്


തിരുവനന്തപുരം: യൂത്ത് ലീ​ഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം സി.ജെ.എം. കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ജാമ്യവ്യവസ്ഥ ലം​ഘിച്ച് വിദേശയാത്ര നടത്തിയതിനാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

പാസ്പോർട്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് നൽകിയത്. ഫിറോസ് തുര്‍ക്കിയിലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മുഖ്യമന്ത്രിക്കെതിരായി യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടന്നിരുന്നു. ഇതിനിടെയുണ്ടായ സംഘർഷത്തിൽ ബാരിക്കേഡ് മറികടന്ന രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരടെക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഫിറോസിന്റെ ജാമ്യവ്യവസ്ഥയിൽ പറഞ്ഞ പ്രധാനകാര്യം പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്നായിരുന്നു.

ഈ വിലക്ക് ലംഘിച്ച് പി.കെ. ഫിറോസ് വിദേശത്തേക്ക് പോയെന്ന് പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു. അഭിഭാഷകനെയടക്കം വിളിച്ചുവരുത്തി ഫിറോസ് എവിടെയെന്ന് കോടതി ചോദിച്ചു. തുടർന്ന് ഫിറോസ് തുര്‍ക്കിയിലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കോടതി ഫിറോസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Summary: breached bail conditions; Arrest warrant for Youth League General Secretary P.K Firoz