കുപ്പിവെള്ളം ഉയർന്ന അപകടസാധ്യതയേറിയ ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ; തീരുമാനം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടേത്
ന്യൂഡൽഹി: കുപ്പിവെള്ളത്തെ ഉയർന്ന അപകടസാധ്യതയേറിയ (ഹൈ റിസ്ക്) ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് നടപടി. കുപ്പിവെള്ളത്തിന് ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫിക്കേഷൻ നിർബന്ധമാണെന്ന വ്യവസ്ഥ ഒക്ടോബറിൽ കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുപ്പിവെള്ളത്തെ ഹൈ റിസ്ക് ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്.
മോശം പാക്കേജിങ്ങിനും ഉയർന്ന മലിനീകരണതോതിനും മോശമായ രീതിയിലുള്ള സംഭരണത്തിനും അലക്ഷ്യമായി കൈകാര്യം ചെയ്യപ്പെടാനും സാധ്യതയുള്ള ഉൽപന്നങ്ങളെയാണ് ഹൈ റിസ്‌ക് ഭക്ഷണ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. ഇനി കുപ്പിവെള്ള ഉൽപാദന കേന്ദ്രങ്ങളിൽ കൃത്യമായ പരിശോധനകൾ, ഓഡിറ്റുകൾ എന്നിവ ആവശ്യമാണ്. ലൈസൻസ് ലഭിക്കാനും കർശന പരിശോധനകളും മാനദണ്ഡങ്ങളുമുണ്ടാകും.
കുപ്പിവെള്ളത്തിന് പുറമെ പച്ച മാംസം, മത്സ്യം, പാൽ ഉത്പ്പന്നങ്ങൾ, കട്ട് ചെയ്ത് വെച്ച പഴങ്ങളും പച്ചക്കറികളും, റെഡി-ടു-ഈറ്റ് ഫുഡ്‌സ്, സലാഡുകൾ, പാകം ചെയ്തുവെച്ച ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിങ്ങനെ നിരവധി ഭക്ഷണപദാർഥങ്ങളും ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജ്യൂസുകൾ, ശീതളപാനീയങ്ങൾ എന്നിവയും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.