കായണ്ണയിൽ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം: സമാധാന ശ്രമം തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താൻ ജനങ്ങൾ തയ്യാറാകണമെന്ന് മുസ്‌ലിം ലീഗ്


കായണ്ണ ബസാർ: കായണ്ണപഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത്‌ മെമ്പറുമായ പി.സി. ബഷിറിന്റെ വീടിന് നേരെ ബോംബെറിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് മുസ്‌ലിം ലീഗ്. സമാധാന ശ്രമം തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താൻ ജനങ്ങൾ തയ്യാറാകണമെന്ന് ജില്ലാ സെക്രട്ടറി സി. പി. എ അസീസ് പറഞ്ഞു. ബോംബേറ് നടന്നവീട് സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചൊവ്വാഴ്ച്ച പുലര്‍ച്ചെ 2.36 ഓടെയായിരുന്നു ബഷീറിന്റെ വീടിന് നേരെ ബോംബെറിഞ്ഞത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീടിന്റെ മുന്‍വശത്തെ ഭിത്തിയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തില്‍ പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു. ബോബെറില്‍ പ്രതിഷേധിച്ച് യുഡിഎഫ് കായണ്ണ ടൗണില്‍ ഇന്ന് ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

എം. ഋഷികേഷൻ, സാജിദ് കോറോത്ത്, എം.അഹമ്മദ്കോയ മാസ്റ്റർ, പി.കെ അബ്ദുൽസലാം, എം.കെ.അബ്ദുൽസമദ്, പി.സിഅസൈനാർ തുടങ്ങിയവരും വീട് സന്ദർശിച്ചു