ആലുവയില്‍ തട്ടിക്കൊണ്ടു പോയ അഞ്ചുവയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി


കൊച്ചി: ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ കണ്ടെത്താനായി നടത്തിയ 21 മണക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകീട്ടാണ് ആലുവ ചൂര്‍ണ്ണിക്കരയില്‍ നിന്ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകള്‍ ചാന്ദ്‌നി കുമാരിയെ കാണാതായത്. സംഭവത്തില്‍ പ്രതിയെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിവിധ സ്ഥലങ്ങളില്‍ പൊലീസ് ഇന്നലെ രാത്രി മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു.

പെരിയാര്‍ നദിയുടെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചത്. ചാക്കില്‍ നിന്ന് കുട്ടിയുടെ കൈ പുറത്തേക്ക് കിടന്നിരുന്നു. പ്രദേശത്ത് എത്തിയ ആളുകള്‍ കൈ കണ്ടാണ് പൊലീസിനെ വിവരം അറിയിച്ചത്. ജനശ്രദ്ധ എത്താത്ത സ്ഥലത്താണ് മൃതദേഹം ഉണ്ടായിരുന്നത്.

പൊലീസ് സംഘവും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയാണ്. ചാന്ദ്‌നിയുടെ മൃതദേഹം തന്നെയാണ് ഇതെന്ന് സ്ഥിരീകരിക്കാനായി കുട്ടിയുടെ അച്ഛനെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തെ മൃതദേഹത്തിന് അടുത്തേക്ക് എത്തിക്കാതെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ അസം സ്വദേശിയായ അസ്ഫാഖ് ആലം എന്നയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തെങ്കിലും അമിതമായി മദ്യപിച്ച് ലഹരിയിലായതിനാല്‍ വ്യക്തമായ മൊഴികള്‍ ലഭിച്ചില്ല. പിന്നീട് ലഹരിവിട്ട ശേഷമാണ് കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് ഇയാള്‍ മൊഴി നല്‍കിയത്.

ഈ സംഭവങ്ങള്‍ക്കിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ആലുവ ചൂര്‍ണിക്കര പഞ്ചായത്തില്‍ ഗാരേജിനു സമീപം മുക്കത്ത് പ്ലാസയില്‍ വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകളാണ് ചാന്ദ്നി. തായിക്കാട്ടുകര യു.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ബിഹാര്‍ കുടുംബം നാല് വര്‍ഷമായി ഇവിടെ താമസിച്ചുവരുന്നു. ഇവര്‍ക്ക് വേറെ മൂന്നുമക്കള്‍ കൂടിയുണ്ട്. ഏറ്റവും ഇളയ കുട്ടിയാണ് ചാന്ദ്നി.