കുട്ടികളേയും കൂട്ടി കാഴ്ചകൾ ആസ്വദിച്ച് പെഡൽബോട്ടിൽ സവാരി നടത്തിയാലോ, അതും ചുരുങ്ങിയ ചെലവിൽ; കോഴിക്കോട് സരോവരം പാർക്കിൽ ബോട്ടുകൾ ഓ​ടി​ത്തു​ട​ങ്ങി


കോ​ഴി​ക്കോ​ട്: ജി​ല്ലാ ടൂ​റി​സം പ്ര​​മോ​ഷ​ൻ കൗ​ൺ​സി​ലി​ന് കീ​ഴി​ലു​ള്ള സ​രോ​വ​രം ബ​യോപാ​ർ​ക്കി​ൽ വീ​ണ്ടും ബോ​ട്ടു​ക​ൾ ഓ​ടി​ത്തു​ട​ങ്ങി. ഒ​​രു വർഷത്തിലധികമായി നിർത്തിവച്ച സ​രോ​വ​രം ക​ളി​പ്പൊ​യ്ക​യി​ലെ ബോ​ട്ട് സ​വാ​രിയാണ് ഇന്നലെ വീണ്ടും ആരംഭിച്ചത്. ക​ണ്ട​ല്‍ക്കാ​ടു​ക​ളു​ടെ​യും ത​ണ്ണീ​ര്‍ത്ത​ട​ങ്ങ​ളു​ടെ​യും കാഴ്ചകൾ ആസ്വദിച്ച് ബോ​ട്ട് സ​ർ​വി​സ് നടത്താം.

രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് 6 വ​രെ​യാ​ണ് ബോ​ട്ടിം​ഗ് സ​മ​യം. മു​തി​ര്‍ന്ന​വ​ര്‍ക്ക് 70 രൂ​പ​യും കു​ട്ടി​ക​ള്‍ക്ക് 40 രൂ​പ​യു​മാ​ണ് നി​ര​ക്ക്. ഇതിനുപുറമേ വിദ്യാർഥികൾക്ക് 20 ശതമാനം ഇളവുണ്ട്. 20 മിനിറ്റുവരെയാണ് സവാരിസമയം. പെ​ഡ​ല്‍ ബോ​ട്ടു​ക​ളാ​ണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നാ​ലു​പേ​ർ ക​യ​റു​ന്ന നാ​ല് ബോ​ട്ടും ര​ണ്ടു​പേ​ർ ക​യ​റു​ന്ന മ​റ്റൊ​രു ബോ​ട്ടു​മാ​ണുള്ളത്.

കോഴിക്കോട് പലവിധ ആവശ്യങ്ങൾക്കും എത്തുന്നവർക്ക് കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും സമയം ചെലവഴിക്കാൻ പറ്റുന്നതാണ് ബോട്ട് സർവ്വീസ്. ചുരുങ്ങിയ ചാർജ് മാത്രം ഉള്ളത് കൊണ്ട് വരും ദിവസങ്ങളിൽ കൂടുതൽപ്പേർ എത്തുമെന്ന പ്രതീക്ഷയിലാണ് നടത്തിപ്പുകാർ.

Description: Boats started running in Kozhikode Sarovaram Park