ട്രോളിംഗ് നിരോധനമവസാനിച്ച് ബോട്ടുകൾ കടലിലേക്ക്; മത്സ്യമേഖല സജീവമാകും, കാലാവസ്ഥ പ്രതികൂലമാകുമോ എന്ന് ആശങ്ക


ചോമ്പാല: 52 ദിവസത്തെ ഇടവേളകൾക്ക് ശേഷം യന്ത്രവത്കൃത ബോട്ടുകൾ ഇന്ന് പുലർച്ചയോടെ കടലിൽ പോയി തുടങ്ങി. ജൂൺ ഒമ്പത് അർധരാത്രി 12 മണിക്ക് നിലവിൽ വന്ന ട്രോളിംഗ് നിരോധനം അവസാനിച്ചതോടെയാണ് യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോകാൻ അനുമതി ലഭിച്ചത്. ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാമെങ്കിലും മത്സ്യലഭ്യത കുറവായിരുന്നു.

ട്രോളിംഗ് നിരോധന സമയത്ത് ബോട്ടുകള്‍ അറ്റകുറ്റപ്പണി നടത്തിയും വലകളും മറ്റും പുതുക്കിയും കേടുപാടുകള്‍ തീർത്തും തയ്യാറെടുപ്പിലായിരുന്നു മത്സ്യമേഖല. നീണ്ട ഇടവേളയ്ക്കുശേഷം മീൻപിടിത്തത്തിനിറങ്ങാനിരിക്കെ ഇത്തവണ കാലാവസ്ഥ പ്രതികൂലമാകുമോ എന്ന ആശങ്കയും നിലവിലുണ്ട്. കഴിഞ്ഞ സീസണില്‍ വരുമാനം ഏറ്റവും കുറവായിരുന്നു. ഇന്ധന വിലവർധനയും ഫീസ് വർധനയും മത്സ്യമേഖലയെ അലട്ടുന്നുണ്ട്.

ജില്ലയില്‍ ചോമ്പാല, കൊയിലാണ്ടി, ബേപ്പൂർ, പുതിയാപ്പ എന്നീ ഹാർബറുകളിലായി ചെറുതും വലുതുമായ 1250 ഓളം ബോട്ടുകളാണു റജിസ്റ്റ്ർ ചെയ്തവയുള്ളത്. ഇവയില്‍ 650 എണ്ണവും ബേപ്പൂരിലാണ്. മുന്നൂറിലേറെ പുതിയാപ്പയിലുമുണ്ട്. കൊയിലാണ്ടിയും ചോമ്ബാലും പ്രധാനമായും ചെറു ബോട്ടുകളാണുള്ളത്.

അതേസമയം, ട്രോളിംഗ് നിരോധനം കഴിഞ്ഞതും കൂടുതൽ മത്സ്യലഭ്യതയുടെ സാധ്യത തെളിഞ്ഞതും സംസ്ഥാനത്ത് മത്സ്യവില കുറയാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാസം 400 കടന്ന മത്തിവില സാധാരണക്കാർക്ക് താങ്ങാനാവുന്ന തരത്തിലെത്തുമെന്നാണ് പ്രതീക്ഷ. കൂടുതൽ മത്സ്യം ലഭിക്കുന്നതോടെ മത്സ്യത്തൊഴിലാളി കളുടെ വരുമാനത്തിലും കുറവുണ്ടാകില്ലെന്നും കരുതുന്നു. അനുബന്ധമായി പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്കും ഇത് ഊർജമാകും.