കൃത്രിമവെളിച്ചത്തിൽ അശാസ്ത്രീയ മത്സ്യബന്ധനം; ബേപ്പൂര്‍ ഹാര്‍ബറില്‍ ബോട്ടും ഉപകരണങ്ങളും പിടിയിൽ
ബേപ്പൂർ: കൃത്രിമവെളിച്ചത്തിൽ അശാസ്ത്രീയമായി മത്സ്യക്കുഞ്ഞുങ്ങളെയുൾപ്പെടെ ആഴക്കടലിൽവെച്ച് പിടിച്ചതിന് ബേപ്പൂർ ഫിഷറീസ് എൻഫോഴ്‌സ്‌മെന്റ് പോലീസ് മീൻപിടിത്തബോട്ട് കസ്റ്റഡിയിലെടുത്തു. മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ ആക്ടിന് വിരുദ്ധമായി അശാസ്ത്രീയ മത്സ്യബന്ധനരീതി ഉപയോഗിച്ചതിന് ‘ഫാത്തിമാസ്” എന്ന ട്രോളര്‍ ബോട്ട് ആണ് കസ്റ്റഡിയില്‍ എടുത്തത്.
ലൈറ്റ് ഫിഷിംഗിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ സൂക്ഷിച്ചതിനും നിയമാനുസൃത കണ്ണിവലിപ്പമില്ലാത്ത ട്രോള്‍ വലകള്‍ സൂക്ഷിച്ചതിനുമാണ് ബോട്ട് കസ്റ്റഡിയിൽ എടുത്തത്. ബേപ്പൂര്‍ ഹാര്‍ബറില്‍ പരിശോധന നടത്തുന്നതിന് ഇടയിലാണ് ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ അസി. ഡയറക്ടര്‍ വി.സുനിറിന്റെ നിര്‍ദ്ദേശാനുസരണം ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഗാര്‍ഡ് ഷണ്‍മുഖന്‍, ഫിഷറീസ് ഗാര്‍ഡുമാരായ അരുണ്‍, ജീന്‍ദാസ് എന്നിവര്‍ ചേര്‍ന്ന് ബോട്ട് കസ്റ്റഡിയിൽ എടുത്തത്. പരിശോധനയില്‍ റസ്‌ക്യൂ ഗാര്‍ഡുമാരും പങ്കെടുത്തു.

ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതികള്‍ അവലംബിക്കുന്നതും കണ്ണിവലിപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ച് നിശ്ചിത വലിപ്പത്തിലും കുറവുളള മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നതും മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നതിന് കാരണമാവുമെന്നും, കര്‍ശനമായ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഫിഷറീസ് എൻഫോഴ്‌സ്‌മെന്റ് പോലീസ് അറിയിച്ചു.
Description: Boat and equipment seized at Beypur Harbour