കക്കയം ഡാമിൽ ബ്ലൂ അലർട്ട്; അധിക ജലം തുറന്നുവിടാന്‍ സാധ്യത, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം


കക്കയം: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയർന്നതോടെ കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമില്‍ നിന്ന് അധിക ജലം ഒഴുക്കിവിടുന്നതിന്റെ ഭാഗമായാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്‌. മഴ ഇനിയും ശക്തമായി തുടര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരും.

നിലവില്‍ ഡാമില്‍ 755.50 മീറ്റര്‍ വെള്ളമുണ്ട്. ഇത് ഡാമിന്‍റെ സംഭരണ ശേഷിയുടെ 70 ശതമാനത്തിലേറെയാണ്. ഷട്ടര്‍ തുറന്നാല്‍ പൂനൂര്‍ പുഴ, കോരപ്പുഴ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരും. ഡാമിലെ ജലനിരപ്പ് ബ്ലൂ അലര്‍ട്ട് ലെവലില്‍ എത്തിയതിനാല്‍ താഴ്ന്ന പ്രദേശത്തുള്ളവരും പുഴയരികില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

അതേ സമയം കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും വ്യാപക നാശമാണ് ഉണ്ടായിരിക്കുന്നത്. മരം വീണും പോസ്റ്റുകള്‍ തകര്‍ന്നും പലയിടങ്ങളിലും വൈദ്യുതി വിതരണം താറുമാറായിട്ടുണ്ട്. ഇന്ന് രാവിലെ വീശിയടിച്ച കാറ്റില്‍ കൊയിലാണ്ടി, കാപ്പാട്, മൂടാടി, പൊയില്‍ക്കാവ് ഭാഗങ്ങളില്‍ വന്‍തോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത്.