ബാധിച്ചത് രക്തം കുറഞ്ഞു പോകുന്ന അപൂര്‍വ്വ രോഗം, ഒന്നര ലിറ്റര്‍ രക്തം എത്തിച്ചത് മൂന്ന് കിലോമീറ്റര്‍ ദൂരെ നിന്ന്; പെരുവണ്ണാമൂഴിയില്‍ പശുവിന് രക്തം മാറ്റി; അസാധാരണമെന്ന് ഡോക്ടര്‍മാര്‍
പേരാമ്പ്ര: രോഗികളായ മനുഷ്യരില്‍ രക്തം മാറ്റി അവരുടെ ജീവന്‍ രക്ഷിക്കുന്ന സംഭവങ്ങള്‍ നമ്മുടെ ആശുപത്രികളില്‍ സ്ഥിരമായി നടക്കുന്നതാണ്. എന്നാല്‍ രോഗം ബാധിച്ച പശുവിനാണ് രക്തം മാറ്റി വെക്കേണ്ടതെങ്കിലോ? അത്തരമൊരു അപൂര്‍വ്വ സംഭവത്തിനാണ് കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി സാക്ഷ്യം വഹിച്ചത്.
മുതുകാട് നരേന്ദ്രദേവ് കോളനിയിലെ ലീലാ ജനാര്‍ദ്ദനന്റെ പശുവിനാണ് രക്തം മാറ്റിയത്. അനാപ്ലാസ്‌മോസിസ് എന്ന അപൂര്‍വ്വ രോഗമാണ് പശുവിന് ബാധിച്ചത്. വനപ്രദേശങ്ങളില്‍ കാണുന്ന ചെള്ളുകള്‍ പോലെയുള്ള ചെറുജീവികളാണ് ഈ രോഗം പരത്തുന്നത്.
അനാപ്ലാസ്‌മോസിസ് ബാധിച്ചാല്‍ രക്തം കുറഞ്ഞു പോകുകയാണ് ചെയ്യുക. ലീലയുടെ പാവം പശുവിന് രക്തം കുറഞ്ഞപ്പോഴാണ് രക്തം മാറ്റാനായി ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
പേരാമ്പ്ര ഗവ. വെറ്റിനറി പോളി ക്ലിനിക്കിലെ സര്‍ജന്‍ ഡോ. എം.എസ്.ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് പശുവിന്റെ രക്തം മാറ്റിയത്.
ജഴ്‌സി ഇനത്തില്‍ പെട്ട പശുവായിരുന്നു ‘രോഗി’. ഇതേ ഇനത്തില്‍ പെട്ട മറ്റൊരു പശുവിന്റെ രക്തം ശേഖരിച്ച് ഐസ് പാക്കില്‍ സൂക്ഷിച്ച് കൊണ്ടുവന്നാണ് പശുവിന്റെ രക്തം മാറ്റിയത്. മൂന്ന് കിലോമീറ്റര്‍ ദൂരെ നിന്നാണ് രക്തം എത്തിച്ചത്.
പശുക്കളില്‍ രക്തം മാറ്റി വെക്കുന്നത് അത്ര സാധാരണമായ കാര്യമല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഡോ. ജിഷ്ണുവിന് പുറമെ ഹൗസ് സര്‍ജന്മാരായ ഡോ. ബ്രെന്‍ഡ ഗോമസ്, ഡോ. അബിന്‍ കല്യാണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പശുവിന്റെ രക്തം മാറ്റിയത്.