ബിജെപി വിട്ട് കൈ പിടിച്ചു; സന്ദീപ് വാര്യർ കോൺഗ്രസിൽ
പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നിന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. വിഡി സതീശനും കെ സുധാകരനും ചേർന്ന് ഷാൾ അണിയിച്ച് സന്ദീപിനെ സ്വീകരിച്ചു. പല ഘട്ടങ്ങളിലും താൻ പ്രതീക്ഷിച്ച പിൻതുണയും സഹകരണവും ബിജെപിയിൽ നിന്ന് ലഭിച്ചിരുന്നില്ലെന്ന് സന്ദീപ് വാര്യർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പടെയുള്ള നേതാക്കളുമായി സന്ദീപ് നേരത്തെ കോൺഗ്രസിൽ ചേരുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യർ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
പ്രചരണ രംഗത്ത് അദ്ദേഹം സജീവമല്ലാതായതോടെ പാർട്ടി വിടുമെന്ന ചർച്ചകൾ സജീവമായിരുന്നു. ഇതിനിടെയിൽ പാലക്കാട് സ്ഥാനർഥി സി. കൃഷ്ണകുമാറിനെതിരെ സന്ദീപ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതോടെ കാര്യങ്ങൾ പരസ്യമായി. ഇതിനിടയിൽ സന്ദീപിനെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്ത് എ.കെ. ബാലൻ രംഗത്തെത്തിയിരുന്നു.