‘ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, കോൺഗ്രസിൽ ചേരാൻ കാരണം കെ സുരേന്ദ്രൻ’; പിക് ചർ അഭി ബാക്കി ഹേ എന്ന് സന്ദീപ് വാര്യർ
പാലക്കാട്: ബിജെപിയെ രൂക്ഷമായി വിമർശിച്ച് സന്ദീപ് വാര്യർ. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി. അഭിപ്രായം പറയാൻ പോലും ആ പാർട്ടിയിൽ സ്വാതന്ത്ര്യമില്ലെന്ന് സന്ദീപ് വാര്യർ. തന്റെ കോൺഗ്രസ് പ്രവേശനത്തിന്റെ ഉത്തരവാദി കെ സുരേന്ദ്രനും സംഘവുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വെറുപ്പ് മാത്രം പുറത്തുവിടുന്ന സംഘടനയിൽ നിന്ന് സ്നേഹം താൻ പ്രതീക്ഷിച്ചുവെന്നും എന്നാൽ പലഘട്ടത്തിലും സ്നേഹവും കരുതലും പിന്തുണയും കിട്ടിയില്ലെന്നും സന്ദീപ് പറഞ്ഞു. ഉപാധികളില്ലാതെ സ്നേഹിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരിൽ വിലക്ക് നേരിട്ടയാളാണ്. വ്യക്തി ബന്ധങ്ങളിൽ മതം തിരയാനോ ഇടപെടാനോ ശ്രമിച്ചിട്ടില്ല. സംഘടനയ്ക്ക് വേണ്ടി പണിയെടുത്തിട്ടുണ്ട്. എന്നിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു വർഷം ചാനൽ ചർച്ചകളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയെന്നും സന്ദീപ് പറഞ്ഞു.
ബിജെപി തന്നെ ഒറ്റപ്പെടുത്തുകയും നിരന്തരം വേട്ടയാടുകയും ചെയ്തു. ബലിദാനികളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി മുതലെടുത്തുവെന്നും അവരുടെ പേര് പറഞ്ഞ് പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സന്ദീപ് കുറ്റപ്പെടുത്തി. ഒരു ഉപാധികളുമില്ലാതെ, സാധാരണ പ്രവർത്തകനായാണ് ഞാൻ കോൺഗ്രസിൽ വരുന്നത്. ഇതുവരെ പറഞ്ഞത് എല്ലാം ബിജെപിയുടെ ആശയങ്ങളാണ്, എന്റെ വ്യക്തിപരമായ ആശയങ്ങളല്ല എന്നും സന്ദീപ് വ്യക്തമാക്കി. പിക് ചർ അഭി ബാക്കി ഹേ എന്നും സന്ദീപ് പറഞ്ഞു.