‘ജില്ലാ കലകടർ അടിയന്തിരമായി ഇടപെടണം’; കീഴരിയൂർ തങ്കമല ക്വാറി ഖനനത്തിനെതിരെ ബിജെപി


മേപ്പയ്യൂർ: പരിസ്ഥിതിക്കും പരിസരവാസികൾക്കും ഭീഷണിയായി കീഴരിയൂർ തങ്കമല ക്വാറിയിൽ സ്വകാര്യ കമ്പനി നടത്തുന്ന കരിങ്കൽ ഖനനം നിർത്തിവെക്കണമെന്ന് ബി.ജെ.പി. ജില്ലാകലക്ടർ സ്ഥലം സന്ദർശിച്ച് അടിയന്തിര നടപടികൾ കൈക്കൊളളണമെന്ന് ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു. ബിജെപി നേതാക്കളോടൊപ്പം സ്ഥലം സന്ദർശിച്ചതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ക്വാറിയിൽ രാപ്പകൽ ഭേദമില്ലാതെയാണ് ഇപ്പോൾ ഖനനം നടക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ഇലക്ട്രിക് ഡിറ്റണേറ്റർ ബ്ലാസ്റ്റ് നടക്കുമ്പോൾ പ്രദേശം മുഴുവൻ പ്രകമ്പനം കൊളളുകയാണെന്നും ഇത് മൂലം പരിസരത്തെ നൂറുകണക്കിന് വീടുകളിലെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. മഴക്കാലത്ത് വെള്ളം കെട്ടി നില്ക്കാനും, വിളളലുകളിലുടെ ആഴ്ന്നിറങ്ങി ഉരുൾ പൊട്ടൽ പോലുളള ദുരന്തങ്ങൾ ഉണ്ടാവാനുമുളള സാധ്യത വളരെ കൂടുതലാണെന്ന് പ്രദേശവാസികൾ പറഞ്ഞതായി അഡ്വ.വി.കെ.സജീവൻ പറഞ്ഞു.

അതിഭീകരമായ മലതുരക്കലിൽ ഭീതിയിലായ പ്രദേശവാസികളെ അണിനിരത്തി ബി.ജെ.പി പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് വി.കെ.സജീവൻ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, മേപ്പയ്യൂർ മണ്ഡലം പ്രസിഡൻറ് സുരേഷ് കണ്ടോത്ത് നേതാക്കളായ കെ.കെ.രജീഷ്, നാഗത്ത് നാരായണൻ, ഷിജി ദിനേശൻ, ബിന്ദു കയലോട്, സുജിത്ത് കീഴരിയൂർ, കെ.ടി.ചന്ദ്രൻ എന്നിവരും സ്ഥലം സന്ദർശിച്ചു.