മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തു; പുറമേരിയിൽ ദന്താശുപത്രി ആരോഗ്യ വിഭാഗം പൂട്ടി


പുറമേരി: അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെയും ബയോമെഡിക്കൽ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് പുറമേരിയിൽ ദന്താശുപത്രി അടച്ചു പൂട്ടി. ആരോഗ്യവിഭാഗത്തിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

പുറമേരി ടൗണിൽ പ്രവർത്തിക്കുന്ന ഡെന്റൽ പേൾ മൾട്ടി സ്പെഷാലിറ്റി ക്ലിനിക്കിന്റെ പ്രവർത്തനം ആരോഗ്യ വിഭാഗം നിർത്തിവെപ്പിച്ചു . സ്ഥാപനത്തിന്റെ പ്രവർത്തനം തുടർന്നാൽ മാരകമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ് നൽകിയത് എന്നും സ്ഥാപനത്തിനെതിരെ പൊതുജനാരോഗ്യ നിയമം 2023 പ്രകാരം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ഇസ്മയിൽ പുളിയം വീട്ടിൽ അറിയിച്ചു.

പുറമേരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി , ജെ. എച്ച്. ഐ. സന്ദീപ് കുമാർ.കെ.എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.