‘ബിഗ് ബോസ് കപ്പ് കൊയിലാണ്ടിക്കാരിയിങ്ങെടുത്തൂട്ടോ’; ആദ്യ വനിതാ വിജയി ആയി ദില്‍ഷ പ്രസന്നന്‍


കൊയിലാണ്ടി: ഹൃദയം പെരുമ്പറ കൊട്ടി കൊണ്ടേയിരുന്നു, മത്സരാർത്ഥികളുടെയും പ്രേക്ഷകരുടെയും. ആകാംക്ഷകൾക്കൊടുവിൽ അവതാരകനായ മോഹൻ ലാൽ കൈ പിടിച്ചുയർത്തി കൊയിലാണ്ടിയുടെ സ്വന്തം ദിൽഷാ പ്രസന്നന്റെ. ലോകത്തിൻ കഥയറിയാതെ, നേരത്തിൻ ഗതിയറിയാതെ, ഒന്നിച്ചൊരു നൂറു ദിനങ്ങൾ ജീവിച്ച്‌, പൊരുതിയാണ് ദിൽഷ വിജയ കൊടി പാറിച്ചത്. മലയാളം ബിഗ് ബോസ് സീസണിലെ ആദ്യ വനിതാ വിജയി ആണ് ദിൽഷ. ബി​ഗ് ബോസ് സീസൺ ഫോറിലാണ് കൊയിലാണ്ടിക്കാരി കപ്പടിച്ചത്. ബ്ലെസ്സലിയും റിയാസും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഇന്ത്യ ഒട്ടാകെ പ്രസിദ്ധി ആർജ്ജിച്ച നിരവധി പ്രേക്ഷകരുള്ള ബിഗ്‌ബോസിന്റെ മലയാളം പതിപ്പിലാണ് ദിൽഷ മത്സരാർത്ഥിയായിരുന്നത്. ഇന്ന് വൈകുന്നേരം നടന്ന ഫിനാലെയിലാണ് വിജയിയെ പ്രഖ്യാപിച്ചത്. 50 ലക്ഷം രൂപയും ട്രോഫിയുമാണ് വിജയിക്ക് ലഭിച്ചത്. തികച്ചും വ്യത്യസ്തരായ ഇരുപത് മത്സരാർത്ഥികളുമായി തുടങ്ങിയ ബി​ഗ് ബോസ് സീസൺ നാലിൽ ധന്യ, ദിൽഷ, ലക്ഷ്മി പ്രിയ, സൂരജ്, റിയാസ്, ബ്ലെസ്ലി എന്നിവരാണ് ഫൈനൽ സിക്സിൽ എത്തിയ മത്സരാർത്ഥികൾ.

ഫിനാലെ ആരംഭിച്ച ശേഷമുള്ള ആദ്യത്തെ എലിമിനേഷനിൽ സൂരജ് എലിമിനേറ്റ് ആവുകയായിരുന്നു. പുറകാലെ ധന്യയും ഔട്ട് ആയി. അതിനു ശേഷം ലക്ഷ്മിപ്രിയയും. ഫിനാലെ അടുക്കും തോറും ദിൽഷ, റിയാസ് എന്നിവർക്കാണ് കൂടുതൽ പ്രേക്ഷക പിന്തുണ ഉള്ളതെന്നാണ് സോഷ്യൽ മീഡിയയിലും മറ്റുമായി വന്ന പോളുകളിൽ നിന്നും പോസ്റ്റുകളിൽ നിന്നുമൊക്കെ വ്യക്തമായിരുന്നത്. അതെ പോലെ തന്നെ ബ്ലെസ്സലിയും റിയാസും ദിൽഷയും ഫൈനൽ ത്രീയിലെത്തുകയായിരുന്നു. ആദ്യം മുതലേ പ്രേക്ഷകരുടെ ഹൃദയത്തിൽ ആഴത്തിൽ സ്ഥാനമുറപ്പിച്ചു വ്യക്തിയായിരുന്നു ദിൽഷ.

ഷോയിൽ വളരെ വ്യത്യസ്തമായ നിലപാടെടുത്താണ് ദിൽഷ പ്രേക്ഷക ശ്രദ്ധ നേടിയത്. വിവാദങ്ങളും തര്‍ക്കങ്ങളും പൊട്ടിത്തെറികളും ഭാഗമായ ഒരു ഷോയിൽ പലപ്പോഴും മാന്യതകളുടെ അതിര്‍വരമ്പ് കടക്കുകയും പൊട്ടിത്തെറിച്ചുള്ള പെരുമാറ്റങ്ങളുണ്ടാവുകയും ചെയ്യാറുണ്ടെങ്കിലും, ഇതൊന്നും ഇല്ലാതെ തന്നെ മികച്ച മത്സരം കാഴ്ചവെക്കാമെന്ന് ദില്‍ഷ പ്രസന്നന്‍ എന്ന കൊയിലാണ്ടിക്കാരി ഷോയിലൂടെ കാട്ടി.

മാന്യമായ പെരുമാറ്റം കൊണ്ടും ആരെയും വേദനിപ്പിക്കാത്ത ഇടപെടലുകള്‍ കൊണ്ടും എല്ലാവരുടെയും ഒപ്പം നിന്ന് പ്രേക്ഷക മനസില്‍ ദില്‍ഷ ഇടംനേടി. ഏറെ ശാന്തമായാണ് ദില്‍ഷ കളിച്ചു തുടങ്ങിയത്. ബിഗ് ബോസിന്റെ തുടക്കം മുതല്‍ തന്റെ പ്രസന്‍സ് ദില്‍ഷ കാണിക്കുന്നുണ്ടായിരുന്നു.

ബിഗ് ബോസിലെ ടാസ്‌കുകളിലെല്ലാം മാക്‌സിമം എഫേര്‍ട്ട് എടുക്കുകയും ടിക്കറ്റ് ടു ഫിനാലെ വിന്നര്‍ ആവുകയും ചെയ്തു. മത്സരാര്‍ത്ഥിയായ റോബിനുമായുള്ള ദില്‍ഷയുടെ സൗഹൃദവും മറ്റൊരു മത്സരാര്‍ത്ഥിയായ ബ്ലസ് ലിയ്ക്ക് ദില്‍ഷയോടുള്ള പ്രണയവും ബിഗ് ബോസ് വീട്ടിന് പുറത്തും അകത്തും വലിയ ചര്‍ച്ചയായിരുന്നു. റോബിന്റെയും ബ്ലസ്ലിയുടെയും നിഴല്‍ എന്ന ചീത്തപ്പേര് ഇടയ്ക്ക് കേട്ടെങ്കിലും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാന്‍ തനിക്ക് ആരുടെയും സഹായം വേണ്ടെന്ന് തെളിയിക്കുന്ന ദില്‍ഷയെയാണ് പിന്നീട് കണ്ടത്.

നര്‍ത്തകിയെന്ന നിലയില്‍ ശ്രദ്ധനേടിയാണ് ദില്‍ഷ ബിഗ് ബോസ് ഷോയിലേക്ക് വരുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ദില്‍ഷ മിനി സ്്ക്രീന്‍ പ്രേക്ഷകരുടെ പ്രിയം നേടുന്നത്. ഏഷ്യാനെറ്റിലെ കാണാകണ്‍മണിയെന്ന സീരിയലിലും വേഷമിട്ടിരുന്നു. അഭിനയ മികവിന് ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

കൊയിലാണ്ടി സ്വദേശികളായ പ്രസന്നന്‍ ബീന ദമ്പതികളുടെ മകളാണ് ദില്‍ഷ. ബി.ബി.എ പൂര്‍ത്തിയാക്കിയ ദില്‍ഷ ബാംഗ്ലൂരില്‍ അഡ്മിന്‍ കോഡിനേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. രണ്ട് സഹോദരിമാരുണ്ട്. കൊയിലാണ്ടി ജി.എം.വി.എച്ച്.എസ്.എസിലെയും ആര്‍ട്‌സ് കോളേജിലെയും പൂര്‍വ്വ വിദ്യാര്‍ഥിയാണ്.

തങ്ങളുടെ പ്രിയ മത്സരാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ച് സെലിബ്രിറ്റികളും രംഗത്തെത്തിയിരുന്നു. ദില്ഷായ്ക്കായി നടി പ്രിയാമണിയും നടനും മുൻ സീസണിലെ മത്സരാർത്ഥിയുമായ റംസാനുമൊക്കെ വോട്ട് അഭ്യർത്ഥിച്ചിരുന്നു.

ആദ്യത്തെ സീസണിന് ശേഷം നൂറു ദിവസം പൂർണമായും പിന്നിട്ട ഏക സീസണാണിതെന്ന പ്രത്യേകതയും ഇത്തവണത്തെ സീസണ് ഉണ്ടായിരുന്നു. മറ്റു രണ്ടു സീസണുകളും കോവിഡ് മൂലം ഇടയ്ക്ക് നിർത്തേണ്ടി വന്നിരുന്നു. സീസണ്‍ 3ല്‍ ടൈറ്റില്‍ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടന്‍ ആയിരുന്നു. 100 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന മൂന്നാം സീസണില്‍ പക്ഷേ പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയതിനു ശേഷം വിജയിയെ കണ്ടെത്തുകയായിരുന്നു.

ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതായിരുന്നു ഷോയുടെ ഉള്ളടക്കം, ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തി, ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുങ്ങി. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടർന്നു. ഏറ്റവുമൊടുവിൽ കൂടുതൽ വോട്ടുകൾ നേടിയ ആളെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

പ്രശസ്‍ത താരങ്ങളായ സൂരജ് വെഞ്ഞാറമൂട്, പ്രജോദ് കലാഭവൻ , നോബി, വീണ നായർ, ലാൽബാബു തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്‍കിറ്റും കൺടെംപററി ഡാൻസുകളും ചലച്ചിത്രപിന്നണി ഗായകരായ സയനോര ഫിലിപ്പ് , ഇന്ദുലേഖ, മ്യൂസിഷ്യൻ അരുൺ വര്ഗീസ്എ ന്നിവർ ഒരുക്കുന്ന സംഗീതവിരുന്നും ഗ്രാൻഡ് ഫിനാലെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കൂടാതെ ബിഗ് ബോസ് മത്സരാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികളും സദസ്സിൽ അരങ്ങേറി.