അടയാളപ്പെടുത്തുക കാലമേ, സിംഹരാജാവ് അതാ അങ്ങ് വാനോളം ഉയരത്തിൽ; വൈറലായി കൊടുവള്ളി പുല്ലാവൂര്‍ പുഴയുടെ നടുവിൽ ആരാധകർ സ്ഥാപിച്ച മെസിയുടെ കൂറ്റൻ കട്ട് ഔട്ട് (വീഡിയോ കാണാം)


കൊടുവള്ളി: കിലോമീറ്ററുകൾക്കപ്പുറം കടൽ കടന്നെത്തേണ്ട ദുരത്തിലുള്ള ഖത്തറിൽ നവംബർ ഇരുപതിന്‌ ഫുട്ബോൾ മായാജാലം ലോകത്തെ ഒട്ടാകെ അങ്ങോട്ടേക്ക് ക്ഷണിക്കുമ്പോൾ, കാല്പന്തുകളിയിലെ ഇടങ്കാൽ മാന്ത്രികനോടുള്ള ഭ്രാന്തമായ ആവേശം മൂലം ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് കൊടുവള്ളി പുല്ലാവൂരിലെ ചെറുപുഴ. പുല്ലാവൂര്‍ പുഴയില്‍ അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ച ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് രാജ്യാന്തര ശ്രദ്ധ നേടിയത്.

പുല്ലാവൂര്‍ പുഴയില്‍ മെസിയുടെ 30 അടി ഉയരമുള്ള കൂറ്റന്‍ കട്ടൗട്ടാണ് അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ചത്. കുറുങ്ങാട്ടു കടവില്‍ ആരാധകര്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിന്‍റെ വീഡിയോയയും നേരത്തെ വൈറലായിരുന്നു. അര്‍ജന്‍റീനയുടെ പ്രശസ്തമായ വെള്ളയും നീലയും നിറങ്ങളുള്ള കുപ്പായത്തില്‍ പത്താം നമ്പറില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മെസിക്ക് ആ പുഴ കടന്നുള്ള കാഴ്ചയും അവിടുള്ളവർക്കെല്ലാം മെസ്സിയെയും കാണാവുന്ന തരത്തിലുള്ള തലയെടുപ്പോടെയുള്ള കട്ട് ഔട്ട് ആണ് നിർമ്മിച്ചിരിക്കുന്നത്. അർജന്റീനയിലെ കായികവാർത്തകൾ മാത്രം പ്രസിദ്ധീകരിക്കുന്ന മാധ്യമമായ ഫോക്സ് സ്പോർട്സ് അർജന്റീന ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ നിരവധി പേരാണ് പുഴയ്ക്ക് നടുവിലുള്ള മെസിയുടെ കൂറ്റൻ കട്ടൗട്ടിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

വാനോളം ഉയർന്നിരിക്കുന്ന മെസിയെ കാണുമ്പോൾ ഒരു കാല്പന്തുകളിക്കാരന്റെയും ഹൃദയത്തിൽ ഒരു ഉണർവ്വാണ്‌, ഖത്തറിൽ കപ്പടിക്കുമെന്നുള്ള പ്രതീക്ഷകളുടെ പൊൻപുലരി. പുല്ലാവൂരിലെ അര്‍ജന്‍റീന ഫാന്‍സ് അസോസിയേഷനാണ് മെസിയുടെ കൂറ്റന്‍ കട്ടൗട്ട് പുഴക്ക് നടുവിലെ ചെറിയ തുരുത്തില്‍ ഉയര്‍ത്തിയത്.

അര്‍ജന്‍റീന ടീമിന്‍റെ ഔദ്യോഗിക ഫേസ്ബുക് പേജും ചിത്രം പങ്കുവെച്ചതോടെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ പുല്ലാവൂര്‍ പുഴ പ്രശസ്തിയാർജ്ജിച്ചത്. ‘അടയാളപ്പെടുത്തുക കാലമേ, ഇത് ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം. ഇത് കൊടുവള്ളിയിലെ പുല്ലാവൂർ പുഴ ലോകവർത്തകളിൽ പേര് ചാർത്തിയ നിമിഷം’, തങ്ങളുടെ ഹൃദയത്തിലുണ്ടായിരുന്ന മെസ്സിയെ ആരാധകർ വാനോളം ഉയർത്തിയ നിമിഷം.

ലോകകപ്പിനായുള്ള 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാൻ മെസിയും സംഘവും ഇത്തവണ ഖത്തറില്‍ ഇറങ്ങുമ്പോൾ ഓരോ കാൽപ്പന്തു പ്രേമികളുടെയും ഹൃദ്യഘടികാരങ്ങൾ ചലിക്കുമോ നിലയയ്ക്കുമോ എന്നറിയാതെ കാത്തിരിപ്പിലാണ്. വാനോളം ഉയരത്തിലുള്ള മെസ്സിയെ സാക്ഷിയാക്കി ചങ്കിടിപ്പോടെ കൊടുവള്ളിയിലെ ജനങ്ങളും കാത്തിരിക്കുകയാണ്…. കാൽപ്പന്തുരുണ്ട് കപ്പിനെ ചുംബിക്കുന്ന നാളുകൾക്കായി.

വീഡിയോ കാണാം: